വോട്ടർ പട്ടിക ക്രമക്കേട്; തെളിവ് എവിടെ? രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ്  കമ്മീഷൻ

Sunday 10 August 2025 6:14 PM IST

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖയല്ലെന്നാണ് നോട്ടീസിലെ വാദം. പോളിംഗ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ അന്വേഷണത്തിൽ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും രണ്ടുതവണ വോട്ടുചെയ്തതിന് തെളിവെന്താണെന്നും കമ്മീഷൻ ചോദിച്ചു. രാഹുൽ ഗാന്ധി കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിംഗ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന് നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിയുടെ ആരോപണം വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നൽകിയുള്ള കമ്മീഷന്റെ നീക്കം.

2024 ലെ ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വൻ അട്ടിമറി നടന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ക‌ർണാടകയിലെ ഒരു ലോക്സഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം കള്ളവോട്ടു ചേർത്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ക്രമക്കേടിനെ കുറിച്ച പ്രതിജ്ഞാ പത്രത്തിൽ എഴുതി നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.