വെട്ടത്തിലെ 'തീപ്പെട്ടിക്കൊള്ളി" ഒഡീസി നർത്തകിയുടെ തിളക്കത്തിൽ
ദിലീപ് നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത വെട്ടം സിനിമയിൽ വീണ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഭാവ്‌ന പാനിയെ അത്ര പെട്ടെന്ന് ആരും മറന്നുപോകാനിടയില്ല. ഒഡീസി നർത്തികയായും അദ്ധ്യാപികയായും ജീവിതത്തിൽ തിളങ്ങുകയാണ് മോഡൽ കൂടിയായ ഭാവ്‌ന പാനി.
''എന്നിലെ എല്ലാ കലകളും ജനിക്കുന്നത് നൃത്തത്തിൽനിന്നാണ്. നൃത്തം, സംവിധാനം, എഴുത്ത്, ആലാപനം, നൃത്തസംവിധാനം, ചിത്രരചന എന്നിവ എല്ലാം ഒഡീസിയുടെ തത്വചിന്തയാൽ സ്വാധീനിക്കപ്പെട്ടവയാണ്"" എന്ന അടിക്കുറിപ്പോടെ ഒഡീസി നൃത്തവേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ഭാവ്ന കുറിച്ചു. '' ഇൗ തീപ്പെട്ടിക്കൊള്ളിക്ക്"" എല്ലാം അറിയാം എന്നാണ് ഒരു മലയാളി ആരാധകൻ കുറിച്ചത്. വെട്ടം സിനിമയിൽ ദിലീപിന്റെ കഥാപാത്രം ഭാവ്‌ന പാനിയെ വിളിക്കുന്നത് 'തീപ്പെട്ടിക്കൊള്ളി" എന്നാണ്.
മലയാളത്തിൽ വെട്ടം, ആമയും മുയലും എന്നീ പ്രിയദർശൻ ചിത്രങ്ങളിൽ മാത്രമാണ് ഭാവ്‌ന അഭിനയിച്ചത്. 2001 ൽ തേരേ ലിയേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഭാവ്നയുടെ അരങ്ങേറ്റം. കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. വെട്ടത്തിനുശേഷമാണ് ബോളിവുഡിൽ സജീവമാകുന്നത്. ഇപ്പോൾ ബോളിവുഡിൽ മാത്രം സജീവമാണ് ഭാവ്‌ന. കഥക് , കണ്ടംപററി നർത്തകി, കൊറിയോഗ്രാഫർ എന്നീ വിലാസങ്ങളുമുണ്ട്.