കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി തർക്കം,​ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാം ഭാര്യ

Sunday 10 August 2025 8:03 PM IST

എഐ നിർമ്മിത ചിത്രം

അമേത്തി : കുടുംബ വഴക്കിനിടെ ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാംഭാര്യ മുറിച്ചുമാറ്റി,​ ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് അൻസർ അഹമ്മദിനെ (38 )​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടാംഭാര്യ നസ്ലിൻ ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അൻസർ അഹമ്മദിന് സേബ്ജോൾ,​ നസ്ലിൻ ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് ഉള്ളത്. രണ്ട് ഭാര്യമാരിലും ഇയാൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു. ഇത്തരത്തിൽ വാക്കുതർക്കം നടക്കുന്നതിനിടെ നസ്ലിൻ അൻസറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഇവർ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നവെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ അൻസറിനെ നാട്ടുകാർ ചേർന്നാണ് ജഗദീഷ്‌പുരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. നസ്ലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.