രണ്ടിടങ്ങളിൽ വാഹനാപകടം 

Monday 11 August 2025 2:22 AM IST

കോട്ടയം : നഗരമദ്ധ്യത്തിൽ ചൂട്ടുവേലിയിലും, പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയിൽ കണ്ണിമല വളവിലുമുണ്ടായ അപകടങ്ങളിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചൂട്ടുവേലി കവലയിലായിരുന്നു വാഹനങ്ങളുടെ കൂട്ടയിടി. സ്‌കൂട്ടറിനെ മറികടക്കവേ ലോറി മുന്നിൽ പോയ കാറിലും, കാർ മറ്റൊരു കാറിലും ഇടിയ്ക്കുകയായിരുന്നു. വാഹനങ്ങൾ മാറ്റാൻ വൈകിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി. ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും എത്താൻ വൈകി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്‌റ്റേഷനിലേക്ക് മാറ്റി.

ഇന്നലെ രാവിലെ ആറോടെ കണ്ണിമല വളവിൽ ചരക്കുലോറി നിയന്ത്രണവിട്ട് മറിയുകയായിരുന്നു. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസും അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. എരുമേലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.