ലോക ഗജ ദിനം നാളെ, നടന്നുനടന്ന് അവർ മറയുന്നത് എങ്ങ്?
ആനകൾക്കുമുണ്ട്, ഒരു ദിവസം! ലോകമെങ്ങും അത് നാളെയാണ്. 2012-ൽ കനേഡിയൻ ചലച്ചിത്ര പ്രവർത്തകരായ പാട്രിഷ്യ സിംസും മൈക്കിൾ ക്ലാർക്കും തായ്‌ലൻഡിലെ എലഫന്റ് റീഇൻട്രൊഡക്ഷൻ ഫൗണ്ടേഷനുമായി ചേർന്നാണ് ലോക ഗജ ദിനത്തിന് രൂപം കൊടുത്തത്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ മൃഗമായ ആന, ശക്തിയുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും പ്രതീകമാണ്. എന്നാൽ, മനുഷ്യരുടെ ഇടപെടലുകൾ കാരണം അവയുടെ നിലനില്പ് ഭീഷണി നേരിടുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ആനകളുടെ പരിരക്ഷയ്ക്കായി ലോകത്ത് നിരവധി പദ്ധതികളുണ്ട്. യു.എസിലെ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഊന്നൽ നൽകുന്നത് വംശനാശഭീഷണി നേരിടുന്ന ആനകൾ അടക്കമുള്ള മൃഗങ്ങളുടെ പരിരക്ഷയ്ക്കാണ്. അവരുടെ ആപ്തവാക്യം 'Extinction is forever, but for endangered, we can do something" എന്നാണ്!
കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിനിടെ ലോകത്ത് ആനകളുടെ എണ്ണം നേർപകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഏഷ്യൻ ആനകൾ മാത്രമല്ല, ആഫ്രിക്കൻ ആനകളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. കർശന നിയമങ്ങളും നിർവഹണവും, ആനപ്പല്ല് വ്യാപാര നിരോധനം, സംരക്ഷിത പ്രദേശങ്ങളും ഇടനാഴികളും, ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും, ഗ്രാമീണ സമൂഹങ്ങളെ ഉൾപ്പെടുത്തിയുള്ള സംരക്ഷണ പ്രവർത്തനങ്ങൾ, GPS ട്രാക്കിംഗ്, ഡ്രോൺ നിരീക്ഷണം, പുനരധിവാസ പദ്ധതികൾ എന്നിവയിലൂന്നിയുള്ള പരിരക്ഷാ നടപടികൾ വിവിധ രാജ്യങ്ങൾ നടപ്പാക്കിവരുന്നുണ്ട്.
ഏഷ്യൻ ആനകളിൽ 60 ശതമാനവും ഇന്ത്യയിലാണ്. ഏകദേശം 30,000 ത്തോളം കാട്ടാനകളുണ്ട്. പ്രോജക്റ്റ് എലഫന്റ് (1992), ഗജ് യാത്ര, ആന ഇടനാഴി സംരക്ഷണം, ജനപങ്കാളിത്തത്തം, ആന ഉത്പന്നങ്ങൾ ഒഴിവാക്കൽ, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, അവബോധ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ ഗജ പരിരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പാക്കിവരുന്നു. ആനകളുടെ നിലനിനില്പ് മനുഷ്യ വികാസവും പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയും ജൈവ വൈവിദ്ധ്യ സംരക്ഷണവും ആനകളുടെ സംരക്ഷണത്തിനും സഹായകമാണ്.
നമുക്ക് ചിലത്
ചെയ്യാനുണ്ട്
കാട്ടാനകളുടെ എണ്ണം വർദ്ധിച്ചു വരുമ്പോൾ അവയും മനുഷ്യരുമായുള്ള സംഘർഷങ്ങളും വർദ്ധിക്കും. കാലാവസ്ഥാ മാറ്റം ആനകളുടെ നിലനില്പിനെ ബാധിക്കുന്നുണ്ടെങ്കിലും അവയുടെ ആവാസവ്യവസ്ഥയിൽ തീറ്റ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നം. തീറ്റയുടെയും വെള്ളത്തിന്റെയും അപര്യാപ്തതയാണ് കാട്ടാനകളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഇവയെ മയക്കുവെടി വച്ച് കൂട്ടിലടയ്ക്കുക എപ്പോഴും പ്രായോഗികമല്ല. കൊവിഡ് കാലയളവിനു ശേഷം കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് വർദ്ധിച്ചിട്ടുണ്ട്. കണ്ണൂരിലെ ആറളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണം മൂലം 18 മനുഷ്യ ജീവനാണ് പൊലിഞ്ഞത്. സംസ്ഥാനാടിസ്ഥാനത്തിൽ ഇത് അറുപതോളം വരും.
വന്യമൃഗങ്ങളുടെ സുസ്ഥിര ആവാസ വ്യവസ്ഥ നിലനിറുത്താൻ വനംവകുപ്പ് പ്രായോഗിക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. തീറ്റപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കാൻ വനമേഖലകളിൽ അവ വച്ചുപിടിപ്പിക്കണം. കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കാൻ കാടിനുള്ളിൽ ടാങ്കുകൾ സ്ഥാപിക്കണം. വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള വരവ് തടയാൻ സുസ്ഥിര സാങ്കേതിക വിദ്യകളാണ് അനുവർത്തിക്കേണ്ടത്. വനാതിർത്തികളിൽ തേനീച്ചക്കൂട് വയ്ക്കുന്നതും മുളകു കൃഷി ചെയ്യുന്നതും ഫലപ്രദമാണെന്ന് അസാമിലെയും ത്രിപുരയിലെയും പഠനങ്ങൾ വ്യക്തമാക്കുന്നു. ആഫ്രിക്കൻ ആനകളിൽ നടത്തിയ പഠനങ്ങളിലും ഇവ ഏറെ ഫലപ്രദമാണെന്ന് ഇന്റർനാഷണൽ എലഫന്റ്റ് ഫൗണ്ടേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആനകൾക്ക് നാട്ടിലേക്കു വരാതിരിക്കാനുള്ള കമ്പി വേലികൾ ഫലപ്രദമാണ്. സെൻസർ ഉപയോഗിച്ച് അലാറം പ്രവർത്തിപ്പിച്ചുള്ള മുന്നറിയിപ്പുകളും നല്കാം. ആനകൾ കമ്പിവേലി തള്ളിയിടാൻ ശ്രമിക്കുമെന്നതിനാൽ, തൂങ്ങിനില്ക്കുന്ന വേലി സമുച്ഛയങ്ങൾ സ്ഥാപിക്കാം.
പ്രതിരോധ
മാർഗങ്ങൾ
ഓരോ ആവാസ വ്യവസ്ഥയിലെയും പ്രശ്നങ്ങൾ വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാൽ അതത് പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തു വേണം പ്രതിരോധ മാർഗങ്ങൾ അവലംബിക്കാൻ. എ.ഐ ഇന്റലിജൻസ്, ഓട്ടോമേഷൻ, മുന്നറിയിപ്പ് സംവിധാനം, റേഡിയോ കോളറുകൾ, ജി.പി.എസ് ട്രാക്കിംഗ് എന്നിവ നടപ്പാക്കണം. ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നു കയറ്റം ഒഴിവാക്കുകയും വേണം. റിസ്‌ക് വിലയിരുത്തിയുള്ള മുന്നറിയിപ്പ് രീതികൾ പരിസരവാസികൾക്കായി നടപ്പിലാക്കണം.
ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. ഇത് മനസിലാക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര, ആക്രമണം വിളിച്ചു വരുത്തും. വാഹനങ്ങൾക്ക് പ്രത്യേക സീസണിൽ നിയന്ത്രണം ഏർപ്പെടുക, റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിക്കുക, യുവാക്കൾക്കും പരിസരവാസികൾക്കും ബോധവത്കരണ- സ്‌കിൽ വികസന പദ്ധതികൾ, ഇവർക്ക് ഇൻഷ്വറൻസ്, ചികിത്സ, പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം. വളർത്തുമൃഗങ്ങൾക്കും വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം. കാലാവസ്ഥാമാറ്റം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം.
ഏഷ്യയിലെ ഏറ്റവും ബൃഹത്തായ വന്യജീവി സംരക്ഷണ പദ്ധതിയാണ് ആറളത്തേത് എന്നാണ് വനം വകുപ്പിന്റെ വാദം! എന്നാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെയും വളർത്തുമൃഗങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്ന പദ്ധതികൾ നോക്കുകുത്തികളാകുന്നതാണ് അനുഭവം. വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം മൂലം മനുഷ്യ ജീവനും വളർത്തുമൃഗങ്ങൾക്കും കൃഷിക്കും ജീവനോപാധികൾക്കുമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ പ്രശ്നാധിഷ്ഠിത നടപടികളും ഗവേഷണ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ വൈകരുത്.
(ബംഗളൂരുവിലെ ട്രാൻസ് ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറും, ലോകബാങ്ക് കൺ സൾട്ടന്റും, വെറ്ററിനറി സർവകലാശാലാ മുൻ ഡയറക്ടറുമാണ് ലേഖകൻ)