ഒരു 'കള്ളന്റെ' ഉയിർപ്പ്; പാവം മെസ്സിയും
കൈനോട്ടക്കാരൻ തത്തയെക്കൊണ്ട് കാർഡെടുപ്പിക്കുന്നതു പോലെയായിരുന്നു ആ വാർത്താസമ്മേളനം. ഒന്നല്ല, രണ്ട് തത്തകൾ. ഒരു തത്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ. മറ്റേത് സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽ കുമാർ. കൈനോട്ടക്കാരൻ മറഞ്ഞിരിക്കുന്നു. സംസാരിക്കുന്നത് തത്തകളാണ്. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലെന്ന് തുറന്നു പറഞ്ഞ വകുപ്പ് മേധാവി ഡോ.സി.എച്ച്. ഹാരിസിനെ കുടുക്കാൻ മെനഞ്ഞ പുതിയ തന്ത്രവുമായിട്ടായിരുന്നു വരവ്. ഡോക്ടറെ കുടുക്കാൻ തത്തയുടെ വേഷമിട്ട ഡോക്ടർമാർ തന്നെ ഒടുവിൽ കുടൂങ്ങി. ഒപ്പം, കൈനോട്ടക്കാരനും!
ന്യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്നു പറഞ്ഞ് ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നത്തിന് ആദ്യം സിസ്റ്റത്തെ പഴി പറഞ്ഞ മന്ത്രി, ഒരു മാസം കഴിഞ്ഞാണ് എം.പി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കളവുപോയെന്ന് പറഞ്ഞത്. ഡോക്ടർക്കെതിരായ നീക്കമായി അതിനെ വ്യാഖ്യാനിച്ച മാദ്ധ്യമങ്ങളോട്, 'ഡോക്ടറെ വെറുതെ വിടൂ" എന്നായി മന്ത്രി. ആരാണ് ഡോ. ഹാരിസിനെ വെറുതെ വിടാത്തതെന്ന് തെളിയിക്കുന്നതായിരുന്നു തുടർനാടകങ്ങൾ. മാനസികമായി തകർന്ന ഡോ. ഹാരിസ് ലീവിൽ പോയ തക്കം നോക്കി പ്രിൻസിപ്പലും മറ്റും അദ്ദേഹത്തിന്റെ മുറി തുറന്ന് പരിശോധിച്ചത് മൂന്നുതവണ. പിന്നാലെ, മുറി വേറെ താഴിട്ടു പൂട്ടി!
താനില്ലാതെ നടത്തിയ പലിശോധനയിൽ മുറിയിലെ വിലപ്പെട്ട സാധനങ്ങൾ വല്ലതും മാറ്റിയിട്ടുണ്ടാവുമോയെന്ന് ഡോ. ഹാരിസ് പ്രകടിപ്പിച്ച ആശങ്കയാണ് പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും രംഗപ്രവേശത്തിനു കാരണം. ഒടുവിൽ അത് ചക്കിനു വച്ചത് കൊക്കിന് കൊണ്ട സ്ഥിതിയായി! ശസ്ത്രക്രിയാ ഉപകരണങ്ങളായ നെഫ്റോസ്കോപ്പും മോർസിലോസ്കോപ്പും തമ്മിൽ തിരിച്ചറിയാൻ പ്രിൻസിപ്പലിനും സൂപ്രണ്ടിനും മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും 'കഴിയാഞ്ഞതാണ്" വിചിത്രം. ഒരു സഹപ്രവർത്തകനെ കുരുതി കൊടുക്കാൻ എന്തൊരു ഉത്സാഹം!
ആദ്യ പരിശോധനയിൽ മുറിയിൽ മോർസിലോസ്കോപ് കണ്ടില്ലെന്നും, പിറ്റേന്ന് അത് മറ്റൊരു ഡോക്ടർ കാണിച്ചു കൊടുത്തെന്നും പ്രിൻസിപ്പൽ. മൂന്നാം ദിവസം നോക്കിയപ്പോൾ എന്തൊരു മറിമായം; തലേന്നു കണ്ട ചെറിയ പെട്ടിക്കൊപ്പം അതാ വലിയൊരു പെട്ടി! അതിനകത്ത് മോർസിലോസ്കോപ് വാങ്ങിയതിന്റെ ബിൽ. മറ്റൊരു പെട്ടിയിൽ നെഫ്രോസ്കോപ്പും. ഡോ. ഹാരിസ് അവധിയിൽ. കാണാതായ ഉപകരണം എങ്ങനെ മുറിയിലെത്തി? ഇതിനിടെ, പ്രിൻസിപ്പലിനും സൂപ്രണ്ടിനും അജ്ഞാത ഫോൺ കോൾ. 'സാർ... സാർ..." എന്ന മറുപടി. പിന്നെ, കടലാസു വായന.
അടച്ചിട്ടിരുന്ന മുറിയിൽ ഒരാൾ കയറുന്നത് സി.സി ടിവിയിലുണ്ടെന്ന് അതിനിടെ സൂപ്രണ്ട്. അറ്റകുറ്റപ്പണിക്ക് അയച്ചെങ്കിലും പണം നൽകാത്തതിനാൽ കമ്പനി തിരികെ അയച്ച നെഫ്റോസ്കോപ്പാണ് പ്രിൻസിപ്പലും സൂപ്രണ്ടും കണ്ടതെന്ന് ഡോ. ഹാരിസ്. അവർ മുറിയിൽ കണ്ടത് ബില്ലല്ലെന്ന് കമ്പനിയും. അതോടെ, പുതിയ ആരോപണവും കാറ്റുപോയ ബലൂൺ! പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. വാർത്താ സമ്മേളനത്തിനിടെ പ്രിൻസിപ്പലിനെയും
സൂപ്രണ്ടിനെയും ഫോണിൽ വിളിച്ച അജ്ഞാതൻ സ്വയം പേരു വെളിപ്പെടുത്തി- മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ.
വാർത്താ സമ്മേളനം എങ്ങനെ നടത്തണമെന്ന് പറഞ്ഞു കൊടുക്കുകയായിരുന്നുവത്രെ. എല്ലാ തന്ത്രങ്ങളും പൊളിഞ്ഞു. പെട്ടെന്ന് മന്ത്രിയുടെ മനസലിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഡോ. ഹാരിസിനെ മന്ത്രി വീണ സന്ദർശിക്കുന്നു. അദ്ദേഹം ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് ഡി.എം.ഇയുടെ സാക്ഷ്യപത്രം. 'വിശാലഹൃദയയായ" മന്ത്രി വീണാ ജോർജ് ഡോ. ഹാരിസിനോട് ക്ഷമിച്ചിരിക്കുന്നു. ഇരുവരും പരസ്പരം ക്ഷമ ചോദിച്ചു. എല്ലാം 'കോംപ്ലിമെന്റ്സ്" ആയി! ഡോ . ഹാരിസ് വീണ്ടും അതേ കസേരയിൽ.
'മോഹൻലാൽ വരുമോ?" ഒരു സിനിമയിലെ ഉദ്ഘാടനച്ചടങ്ങിനെത്തിയവരിൽ ആകാംക്ഷയുയർത്തിയ ചോദ്യമാണിത്. പക്ഷേ, മെസ്സി വരുമോ എന്നായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിലെ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്നത്. ഫുട്ബാൾ ഇതിഹാസം മെസ്സിയും അർജന്റീനയുടെ ഫുട്ബാൾ ടീമും കേരളത്തിൽ വന്ന് പ്രദർശന മത്സരം കളിക്കുമെന്നു പറഞ്ഞ് 2023 മുതൽ മലയാളികളെ മോഹിപ്പിച്ചത് മറ്റാരുമല്ല; കേരളത്തിന്റെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ തന്നെ. കേരളത്തിൽ മെസ്സി പങ്കെടുക്കുന്ന പ്രദർശന മത്സരത്തിന്റെ തിയതി വരെ മന്ത്രി കിറുകൃത്യമായി പറഞ്ഞു കളഞ്ഞു. 2025 ഒക്ടോബർ 25 മുതൽ ഒക്ടോബർ രണ്ടു വരെ! മെസ്സി ഇരുപതു മിനിട്ട് ആരാധകരുമായി സംവദിക്കുമെന്നു വരെ മന്ത്രി കാച്ചി.
മെസ്സി ആരാധകർക്ക് ആനന്ദലബ്ദ്ധിക്ക് ഇനിയെന്തു വേണം! മന്ത്രി പറഞ്ഞതല്ലേ; ശരിയാവാതെ തരമില്ല.'അബ്ദുറഹ്മാൻ കീ ജയ്" വരെ അവരിൽ ചിലർ മുഴക്കി. ഉച്ചിക്കു വച്ചയാൾ തന്നെ ഉദകക്രിയയും ചെയ്ത സ്ഥിതിയായി ഒടുവിൽ. മെസ്സിയും
ടീമും ഈ വർഷം വരില്ലെന്ന 'നടുക്കുന്ന" വാർത്ത മന്ത്രി അബ്ദുറഹ്മാൻ തന്നെ വെളിപ്പെടുത്തി. വേണമെങ്കിൽ അടുത്ത വർഷം വരാമത്രെ. മെസ്സിയുടെ ആ കളി കൈയിൽ വച്ചാൽ മതി. അടുത്ത വർഷം മേയ് മാസത്തിൽ കേരളത്തിൽ പുതിയ സർക്കാർ വരില്ലേ? പിണറായി സർക്കാരിന് അഥവാ തുടർ ഭരണം ലഭിച്ചാലും താൻ തന്നെ വീണ്ടും കായിക
മന്ത്രിയാവുമെന്ന് എന്തുറപ്പ്? വേല വേലപ്പനോടോ?
അർജന്റീനയിലുള്ള മെസ്സിയെയും ടീമിനെയും കണ്ട് കരാറിൽ ഒപ്പിടാൻ മന്ത്രിയും രണ്ട് ഉദ്യോഗസ്ഥരും സർക്കാർ ഖജനാവിൽ നിന്ന് 13.40 ലക്ഷം രൂപ മുടക്കി സ്പെയിനിൽ പോയതെന്തിന്?അതിനും മന്ത്രിക്ക് മറുപടിയുണ്ട്. മെസ്സിയുടെ സ്പെയിനിലെ ഏജന്റുമാരെ കാണാൻ! യഥാർത്ഥത്തിൽ മന്ത്രിയെ കബളിപ്പിച്ചത് സ്പെയിനിലെ ചില സ്വകാര്യ
ഏജന്റുമാരാണത്രെ. ഈ വർഷം സ്വന്തം ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നു പറഞ്ഞ അർജന്റീനൻ ഫുട്ബാൾ അസോസിയേഷൻ ഇപ്പോൾ വാക്കു മാറ്റിയെന്നാണ് മന്ത്രിയുടെ ആരോപണം. അവരത് കൈയോടെ നിഷേധിക്കുകയും ചെയ്തു.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷനുമായോ കേരള ഫുട്ബാൾ ഫെഡറേഷനുമായോ മെസ്സിയെ കൊണ്ടുവരുന്ന
കാര്യം മന്ത്രി അബ്ദുറഹ്മാൻ സംസാരിച്ചിരുന്നില്ലത്രെ. തന്നെച്ചൊല്ലി ഇങ്ങ് കേരളത്തിൽ നടക്കുന്ന കിഞ്ചന വർത്തമാനങ്ങൾ ശരിക്കും മെസ്സി അറിഞ്ഞു കാണുമോ? 'ഒരു നിശ്ചയമില്ലയൊന്നിനും, വരുമോരോ ദശ വന്നപോലെ പോം."
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കണ്ടവരുണ്ടോ?തൃശൂരിലെയും മറ്റും അരമനകളിൽ നിന്ന് ആദ്യം ഉയർന്ന ചോദ്യം ഒടുവിൽ പൊലീസ് കേസിൽ വരെ എത്തി. രണ്ടാഴ്ച മുമ്പ് ഛത്തിസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും, നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പൊലീസ് അവരെ
ജയിലിലടയ്ക്കുകയും ചെയ്തതോടെയാണ് സുരേഷ് ഗോപിയെയും 'കാണാതായത്." കന്യാസ്ത്രീകൾ ഒമ്പതാം ദിവസം ജയിൽ മോചിതരായി. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഒരു മിന്നായം പോലെ പ്രത്യക്ഷപ്പെട്ട് എന്തൊക്കയോ അവതാ പറഞ്ഞ് തടിയൂരി.
പക്ഷേ അപ്പോഴും, നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെപ്പറ്റി ഒരു വിവരവുമില്ല. എം.പിയെ കാണാനാവാതെ തൃശൂരുകാരും സങ്കടപ്പെട്ടു. രണ്ടുദിവസം മുമ്പ് ബജ്റംഗ്‌ദൾ അഴിഞ്ഞാട്ടം ഒഡിഷയിലായി. മലയാളികളായ രണ്ട് കന്യാസ്തീകളും രണ്ട് വൈദികരും മർദ്ദനത്തിന് ഇരയായി. എന്നിട്ടും, പുള്ളിയെപ്പറ്റി അറിവില്ലാതായപ്പോഴാണ് തൂശൂരിലെ കെ.എസ്.യു നേതാവ് പരാതിയുമായി പൊലീസിനെ
സമീപിച്ചത്.
നുറുങ്ങ്:
□ സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ മാഷ് പയ്യന്നൂരിലെ പ്രശസ്ത ജ്യോതിഷി മാധവ പൊതുവാളിനെ കുടുംബ സമേതം സന്ദർശിച്ച് 'സമയം" നോക്കിച്ചതായി ആക്ഷേപം.
■ അതിന് മാഷ് തലയിൽ മുണ്ട് ഇട്ടിരുന്നോ?
(വിദുരരുടെ ഫോൺ: 99461 08221)