'പ്രവാസി ഭദ്രത പദ്ധതി'; ജില്ലയിൽ 96 സംരംഭകർ
തൊടുപുഴ: കേരളത്തിലെ സമ്പത്വ്യവസ്ഥയ്ക്ക്ഒരു കാലഘട്ടത്തിൽ മുതൽക്കൂട്ടായവർക്ക് തുണയാകുകയാണ് കുടുംബശ്രീ മിഷൻ നോർക്കയുടെ സഹകരണത്തോടെ നടത്തുന്ന പ്രവാസി ഭദ്രത പദ്ധതി. പദ്ധതി പ്രകാരം ജില്ലയിൽ സംരംഭകരായത് 96 പേർ. പ്രവാസി ഭദ്രത പദ്ധതിയുടെ ഭാഗമായി ഇതുവരെ 127 അപേക്ഷകൾ ജില്ലയിൽ ലഭിച്ചു. ഇതിൽ 105 പേർക്കും വായ്പ അനുവദിച്ചു. ഇവരിൽ 96 പേർ വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായി ഒരു ലക്ഷം വീതമാണ് നൽകുക. സംരംഭം ആരംഭിച്ചശേഷം രണ്ടാം ഘട്ടമായി ബാക്കി തുകയും. ചില സംരഭകർ രണ്ടാംഘട്ട വായ്പയ്ക്ക് അപേക്ഷിച്ചിട്ടില്ല. കൂടാതെ എട്ട് പേർ പുതിയതായി അപേക്ഷിച്ചിട്ടുമുണ്ട്. ഫാമുകൾ, പലചരക്ക് കടകൾ, മില്ലുകൾ, ഭക്ഷണ സ്ഥാപനങ്ങൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, സലൂൺ, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ, ടാക്സി വാഹനങ്ങൾ, ലോറി, ലോട്ടറി വ്യാപാരം, ബ്യൂട്ടി പാർലർ, വര്ക്ക്‌ഷോപ്പ്, മാർക്കറ്റ് തുടങ്ങി വിവിധങ്ങളായ സംരംഭങ്ങളാണ് സർക്കാർ തുണയോടെ കുടുംബശ്രീയുടെയും നോർക്കയുടെയും സഹകരണത്തോടെ പ്രവാസികൾ ഉപജീവനത്തിനായി തുടങ്ങിയത്.
പദ്ധതി ആനുകൂല്യം ആർക്ക്?
കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസി പൗരന്മാർക്ക് മാത്രമാണ് പദ്ധതിപ്രകാരം സ്വയം തൊഴിൽ വായ്പ അനുവദിച്ചിരുന്നത്. എന്നാൽ നോർക്കയുമായി ചേർന്ന് വിദേശത്ത് നിന്നും തൊഴിൽ നഷ്ടപ്പെട്ടെത്തുന്ന പ്രവാസികൾക്കും ഇപ്പോൾ വായ്പ നൽകാറുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് അതാത് സി.ഡി.എസ് ഓഫീസിലാണ് ബന്ധപ്പെടേണ്ടത്.
പ്രവാസി ഭദ്രത
വായ്പാ പദ്ധതി കുടുംബശ്രീ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത വായ്പാ പദ്ധതിക്ക് തൊഴിൽ നഷ്ടപ്പെട്ടുവന്ന പ്രവാസികൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആറുമാസമെങ്കിലും അയൽക്കൂട്ട അംഗത്വം നേടിയ കുടുംബശ്രീ അംഗമോ കുടുംബാംഗമോ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സംഘടന അംഗത്തിനോ അപേക്ഷിക്കാം. കുറഞ്ഞത് രണ്ടുവർഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തി ആയിരിക്കണം. വായ്പ പരിധി രണ്ടു ലക്ഷം രൂപ. പലിശ നാലു ശതമാനം. തിരിച്ചടവ് രണ്ടുവർഷം. വെബ്‌സൈറ്റ് :www.kudumbashree.org, www.norkaroots.org