ഉദ്ഘാടനത്തിനൊരുങ്ങി നിടുകുളം കടവ് പാർക്ക്

Monday 11 August 2025 12:11 AM IST
നിടുകുളം കടവ് പാർക്ക്.

മട്ടന്നൂർ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുഖം മിനുക്കിയ നിടുകുളം കടവ് പാർക്ക് ഒരുങ്ങി. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂടാളി പഞ്ചായത്തിലെ നിടുകുളം കടവിൽ പാർക്ക് ഒരുക്കിയത്. പാർക്കിന്റെ ഉദ്ഘാടനം 14ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന ലക്ഷ്യത്തോടെയാണ് ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതി ടൂറിസം വകുപ്പ് നടപ്പാക്കുന്നത്. 62 ലക്ഷം രൂപ ചെലവഴിച്ചാണ് കൂടാളി പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നിടുകുളം കടവിൽ പാർക്ക് നിർമ്മിച്ചത്. ഓപ്പൺ സ്റ്റേജ്, നടപ്പാത, കോഫി ഷോപ്പ്, ഹട്ടുകൾ, ശൗചാലയങ്ങൾ എന്നിവ ആദ്യഘട്ടമായി ഒരുക്കിയിട്ടുണ്ട്. വളപട്ടണം പുഴയുടെ തീരത്തെ പ്രകൃതിഭംഗിയുള്ള കേന്ദ്രത്തിൽ നിരവധി പേരാണ് ഒഴിവുസമയം ചെലവഴിക്കാനായി എത്തുന്നത്. ഫോട്ടോഷൂട്ടുകൾക്ക് ഉൾപ്പടെ അനുയോജ്യമായ രീതിയിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. മരങ്ങളും മറ്റും നിലനിർത്തിക്കൊണ്ട് പ്രകൃതിസൗഹൃദരീതിയിലാണ് നിർമ്മാണം. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ പുഴയോരഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടമായി കുട്ടികളുടെ പാർക്ക്, ഹൗസ് ബോട്ട് സർവീസ് എന്നിവ ഒരുക്കുന്നത് പരിഗണനയിലുണ്ട്. പാവന്നൂർകടവ് വരെയുള്ള ബോട്ട് സർവീസ് നിടുകുളം വരെ നീട്ടിയാൽ ടൂറിസം പദ്ധതിക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമാകും. ടൂറിസം വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ ബോട്ട്‌ജെട്ടി നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബോട്ട് സർവീസുണ്ടായാൽ പറശ്ശിനിക്കടവ് വരെ യാത്ര സാധ്യമാകുകയും കൂടുതൽ പേർ എത്തിച്ചേരുകയും ചെയ്യും. കണ്ണൂർ വിമാനത്താവളത്തിന് സമീപത്തുള്ള കേന്ദ്രമെന്ന നിലയിൽ പാർക്കിന്റെ വളർച്ചയ്ക്കും ഇത് സഹായമാകും.