രേഖയില്ലാത്ത 31ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

Monday 11 August 2025 2:23 AM IST

ആലപ്പുഴ: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 31 ലക്ഷം രൂപയുമായി യുവാവ് സൗത്ത് പൊലീസിന്റെ പിടിയിലായി. ആലപ്പുഴ മുല്ലക്കൽ സ്ട്രീറ്റിൽ പ്രീമിയം ബേക്കറിക്ക് സമീപം പരാശക്തി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സങ്ക്ലി ജില്ലയിൽ അംബിഗോവോവണിൽ രവീന്ദ്ര തുളസിറാം മനോയാണ് (38) പിടിയിലായത്. ആലപ്പുഴ വഴി പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ഇന്നലെ ഉച്ചയോടെയാണ് ഇയാൾ പനവുമായി വന്നിറങ്ങിയത്. ട്രോളി ബാഗിന്റെ രഹസ്യ അറയിൽ 500ന്റെ നോട്ട് കേട്ടുകളയാണ് പണം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്തു നിന്ന് സ്വർണ വ്യാപാരിക്ക് നൽകാൻ കൊണ്ടുവന്ന പണം ആണെന്നാണ് ഇയാൾ പൊലീസിനോട്‌ പറഞ്ഞത്. പണം നൽകിയ ആൾ രേഖകളുമായി വരുമെന്നും ഇയാൾ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ ഡി വൈ.എസ്.പി എം.ആർ. മധു ബാബു, നാർകോട്ടിക്സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ ജി.എസ്. ഉണ്ണികൃഷ്ണൻ നായരും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ്.ഐ സാലി മോൻ, എസ്.സി.പി.ഒ മാരായ എസ്. സജീഷ്, ലിബു തോമസ് എന്നിവരും ഉണ്ടായിരുന്നു.