കുടുംബങ്ങൾ സന്തോഷകേന്ദ്രമാകും ഹാപ്പി കേരളം പദ്ധതി ഇനി നഗരത്തിലും

Monday 11 August 2025 1:39 AM IST

ആലപ്പുഴ : കുടുംബങ്ങളിലെ സന്തോഷം ഇരട്ടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീ ഹാപ്പി കേരളം പദ്ധതി ഇനി നഗരത്തിലേക്കും. സംസ്ഥാനത്ത് നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുത്ത 14 മാതൃകാ സി.ഡി.എസുകളിൽ ആദ്യം നടപ്പാക്കും. ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നോർത്ത് സി.ഡി.എസിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 154 മാതൃകാ സി.ഡി.എസുകളിൽ നടപ്പാക്കിവരുന്ന പദ്ധതിയാണിത്. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് ഇതിൽ വരിക. വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകൾ ഉൾപ്പെടെ വിപുലമായ പ്രവർത്തനരീതിയാണ് പദ്ധതിക്കുള്ളത്.

ജില്ലയിൽ ആറ് നഗരസഭകളിലായി എട്ട് സി.ഡി.എസുകളാണുള്ളത്. കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ രണ്ടെണ്ണം വീതവും ചേർത്തല, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ഒരെണ്ണവുമാണുള്ളത്. ഇതിൽ ഗ്രാമപ്രദേശങ്ങളിൽ കഴിഞ്ഞ വർഷം 12 സി.ഡി.എസുകളിൽ പദ്ധതി ആരംഭിച്ചിരുന്നു.

പ്രവ‌ർത്തനം ഇടങ്ങൾ കേന്ദ്രീകരിച്ച്

1.സി.ഡി.എസുകളിൽ 15 മുതൽ 20 വരെ കുടുംബങ്ങളെ ഉൾപ്പെടുത്തി 'ഇടങ്ങൾ' രൂപീകരിച്ചാണ് പ്രവർത്തനം.തുടക്കത്തിൽ നഗരപ്രദേശങ്ങളിൽ മാതൃകാ സി.ഡി.എസിൽ ഒരു എ.ഡി.എസ് തിരഞ്ഞെടുത്ത് അവിടെ അഞ്ച് 'ഇടങ്ങൾ' രൂപീകരിക്കും. അഞ്ചും ഒരേ വാർഡിൽതന്നെയാകും.

ഏത് വാർഡാണെന്ന് സി.ഡി.എസ് തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാം

2.വാർഡിൽ അടുത്തടുത്തുവരുന്ന 20 കുടുംബങ്ങളെ ഒരു 'ഇട'മായി കണക്കാക്കും. ജില്ലകളിൽ അഞ്ച് ഹാപ്പി കേരളം റിസോഴ്‌സ് പേഴ്‌സൺമാർക്ക് വീതം മാതൃകാ സി.ഡി.എസുകളുടെ ചുമതല നൽകും. തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയുമുണ്ടാകും

3.തുല്യത, സാമ്പത്തിക സുസ്ഥിരത, ശുചിത്വം, വ്യക്തികളുടെ മാനസിക- ശാരീരികാരോഗ്യ സംരക്ഷണം, പരിസര സൗഹൃദ കുടുംബാന്തരീക്ഷം സൃഷ്ടിക്കൽ, പോഷകാഹാരം, ജനാധിപത്യമൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ചർച്ചകളുടെ അടിസ്ഥാനത്തിൽ ഓരോ 'ഇട'ത്തിനും അനുയോജ്യമായ മൈക്രോ പ്ലാൻ തയ്യാറാക്കും

4. ജില്ലകളിൽ മാതൃകാ സി.ഡി.എസുകളിലെ മൈക്രോ പ്ലാനുകൾ ക്രോഡീകരിച്ച് സംസ്ഥാനതല മൈക്രോപ്ലാൻ രൂപീകരിക്കും. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ക്രിയാത്മക മാറ്റങ്ങളുണ്ടാക്കാൻ 'ഹാപ്പി കേരള'ത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ

ജില്ലയിൽ

സി.ഡി.എസുകൾ: 80

നഗരം: 8

ഗ്രാമം: 72

ആദ്യഘട്ടത്തിൽ ഒരു നഗര സി.ഡി.എസിലാണ് പദ്ധതി ആരംഭിക്കുന്നത്. വൈകാതെ മറ്റ് സി.ഡി.എസുകളിലും പദ്ധതി ആരംഭിക്കും

-എസ്. രഞ്ജിത്,​ ജില്ലാ മിഷൻ കോഓർഡിനേറ്റർ