ക്രമക്കേട് തള്ളി ഇലക്ടറൽ ഓഫീസർ : പ്രതിപക്ഷം പ്രക്ഷാേഭത്തിലേക്ക്
#ഇന്ന് ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച്
ന്യൂഡൽഹി: കർണാടകയിലെ മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ ക്രമക്കേടു നടന്നുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം മുൻനിർത്തി പ്രക്ഷോഭത്തിലേക്ക് പ്രതിപക്ഷ കക്ഷികൾ. ഇന്ന് ന്യൂഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രകടനം നടത്തും. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി തേടിയിട്ടുണ്ട്. അതേസമയം, കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ ആരാേപണം തള്ളി. തെളിവ് ഹാജരാക്കാൻ രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11.30ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളുടെ മുന്നൂറോളം നേതാക്കളാണ് പ്രകടനം നടത്തുക. പാർലമെന്റ് പരിസരത്തു നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനത്തിൽ മലയാളമടക്കമുള്ള ഭാഷകളിൽ 'വോട്ട് മോഷണം' മുദ്രാവാക്യമടങ്ങിയ പ്ളക്കാർഡുകൾ ഉയർത്തും. പ്രകടനം തടയാനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്.
യഥാർത്ഥ രേഖ അല്ലെന്ന് ഇല.ഓഫീസർ
മഹാദേവ അസംബ്ളി മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷക്കൂൻ റാണി എന്ന സ്‌ത്രീ രണ്ടു തവണ വോട്ടു ചെയ്തെന്ന് തെളിയിക്കാൻ ബൂത്ത് ഓഫീസർ 'ശരി' അടയാളമിട്ട വോട്ടിംഗ് സ്ളിപ്പാണ് രാഹുൽ പുറത്തുവിട്ടത്. ഇത് യഥാർത്ഥ രേഖയല്ലെന്നാണ് ചീഫ് ഇലക്‌ടറൽ ഓഫീസറുടെ വാദം.
തെളിയിക്കാൻ രേഖകൾ നൽകണമെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും രാഹുലിന് അയച്ച കത്തിൽ ഇലക്‌ട്രൽ ഓഫീസർ വ്യക്തമാക്കി.
വോട്ട് ചോരി പോർട്ടൽ
സോഷ്യൽ മീഡിയയിൽ വിഷയം പ്രചരണായുധമാക്കാനും
വോട്ടർ പട്ടിക ആരോപണത്തിന് പിന്തുണ നേടാനും കോൺഗ്രസ് Votechori.in എന്ന വെബ് പോർട്ടൽ തുടങ്ങി. 9650003420 ലേക്ക് ഒരു മിസ്ഡ് കോൾ ചെയ്‌തും പിന്തുണയ്‌ക്കാം.
'സുതാര്യതയുള്ള ഡിജിറ്റൽ വോട്ടർ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നത്. അതുണ്ടായാൽ രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം ഓഡിറ്റ് ചെയ്യാൻ കഴിയും.'
-രാഹുൽ ഗാന്ധി