 ഉത്തരാഖണ്ഡ് ദുരന്തം 5000 രൂപയുടെ ചെക്ക് നൽകിയതിൽ പ്രതിഷേധം

Monday 11 August 2025 1:36 AM IST

ന്യൂഡൽഹി: മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും തകർത്ത ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലുള്ളവർക്ക് അടിയന്തിര സഹായമായി സർക്കാർ 5000 രൂപയുടെ ചെക്ക് നൽകുന്നതിൽ പ്രതിഷേധം. ഇത് അപര്യാപ്തമാണെന്നും സർക്കാർ തങ്ങളെ അപമാനിക്കുകയാണെന്നും ദുരന്തബാധിതർ പറഞ്ഞു. പലരും ചെക്ക് സ്വീകരിക്കാൻ തയ്യാറായില്ല. 5000 രൂപ താത്കാലിക ആശ്വാസമായി നൽകുന്ന സഹായം മാത്രമാണെന്നാണ് അധികൃതർ പറയുന്നത്. വീട് പൂർണമായി നഷ്ടപ്പെട്ടവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും അഞ്ച് ലക്ഷം രൂപ നൽകുമെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രഖ്യാപിച്ചത്. ദുരന്തമുണ്ടായി ആറ് ദിവസം പിന്നിട്ടു. മേഖലയിൽ തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തത് തെരച്ചിൽ തടസപ്പെടുത്തി.

ദുരന്തത്തിൽ പൂർണമായും തകർന്ന ധരാലി, ഹർസിൽ മേഖലയിൽ നിന്ന് ഇതുവരെ ആയിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സൈന്യവും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഹെലികോപ്റ്ററുകളും ഡ്രകോണുകളും മണ്ണിനടിയിൽ ആളുകളുണ്ടോ എന്നറിയാൻ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.