'ജയിച്ചോ തോറ്റോ എന്നുപോലും ഉറപ്പില്ല' പാക് വാദത്തെ പരിഹസിച്ച് കരസേനാ മേധാവി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ തങ്ങൾ വിജയിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ പരിഹസിച്ച് ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. യുദ്ധത്തിൽ ജയിച്ചോ തോറ്റോ എന്ന് പാകിസ്ഥാന് പോലും ഉറപ്പില്ല. ഒരു പാകിസ്താനിയോട് നിങ്ങൾ തോറ്റോ ജയിച്ചോ എന്ന് ചോദിച്ചാൽ, ഞങ്ങളുടെ മേധാവി ഫീൽഡ് മാർഷലായി.
ഞങ്ങൾ ജയിച്ചിട്ടുണ്ടാകണമെന്നാകും. അതുകൊണ്ടാണ് അദ്ദേഹം ഫീൽഡ് മാർഷലായത് എന്നാകും മറുപടി- കരസേനാ മേധാവി പറഞ്ഞു. ഐ.ഐ.ടി മദ്രാസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' പാക് മേധാവിക്ക് ഫീൽഡ് മാർഷൽ മേധാവി പദം ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങൾക്ക് അറിയാവുന്ന വിവരം. ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിൽ പാകിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അതുപോലെ ഞങ്ങൾ എന്ത് ചെയ്യുമെന്ന് അവർക്കുമറിയില്ലായിരുന്നു. ഇതിനെയാണ് ഗ്രേ സോൺ എന്ന് വിളിക്കുന്നത്. ഗ്രേ സോൺ എന്നാൽ പരമ്പരാഗതമായ യുദ്ധമുറകളല്ല ഉപയോഗിച്ചത് എന്നർത്ഥം. പരമ്പരാഗത യുദ്ധത്തിന് തൊട്ടുമുന്നിലുള്ള നീക്കങ്ങളാണ് ഞങ്ങൾ നടത്തിയത്. ഞങ്ങൾ ചെസ് കളത്തിലെ നീക്കങ്ങൾ നടത്തി. ശത്രുവും അതുതന്നെ ചെയ്തു. ഒരിടത്ത് ഞങ്ങൾ അവരെ ചെക്ക്‌മേറ്റ് ചെയ്യുകയും മറ്റൊരിടത്ത് ഞങ്ങളുടെ സ്വന്തം ജീവൻ പണയം വച്ച് അവരെ ഇല്ലാതാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പൂർണ
സ്വാതന്ത്ര്യം നൽകി
ഓപ്പറേഷൻ സിന്ദൂറിന് കേന്ദ്രം സായുധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ സംഭവിച്ചത് രാജ്യത്തെ ഞെട്ടിച്ചു. അടുത്ത ദിവസം തന്നെ ഞങ്ങൾ എല്ലാവരും ചർച്ച ചെയ്തു. മൂന്ന് മേധാവികൾക്കും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന കാര്യം വ്യക്തമായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്വാതന്ത്ര്യം തന്നു. 'എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കുക" എന്നുപറഞ്ഞു. അത് വലിയ ആത്മവിശ്വാസം തന്നു. രാഷ്ട്രീയ ദിശാബോധവും രാഷ്ട്രീയ വ്യക്തതയും അതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.