ചെന്നൈയിൽ സംഭവിച്ചത് 'ഗോ എറൗണ്ട്' ആണെന്ന് എയർ ഇന്ത്യ, അഞ്ച് എംപിമാരടക്കമുള്ള യാത്രക്കാരെ ഡൽഹിയിൽ എത്തിച്ചു

Monday 11 August 2025 7:21 AM IST

ചെന്നൈ: തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിന് കാരണം വിശദീകരിച്ച് എയ‌ർ ഇന്ത്യ അധികൃതർ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നു എന്ന വാദത്തെ അവർ തള്ളി. സംഭവിച്ചത് ഗോ എറൗണ്ട് എന്ന നടപടിക്രമം ആണെന്നും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണെന്നുമാണ് എയ‌ർ ഇന്ത്യ വ്യക്തമാക്കുന്നത്. വിമാനം ലാൻഡിംഗ് സമയത്തിന് തൊട്ടുമുൻപോ, ലാൻഡ് ചെയ്‌ത ശേഷമോ വീണ്ടും പറന്നുയരുന്ന നടപടിക്രമമാണ് ഗോ എറൗണ്ട്. ഇത് പൈലറ്റ് തന്നെ തീരുമാനിക്കുന്നതോ എയർ ട്രാഫിക് കൺട്രോൾ അറിയിച്ചത് കാരണമോ ആകാം. റൺവെയിലെ തടസം കാരണവും ഇത്തരത്തിൽ പതിവുണ്ട്.

കേരളത്തിൽ നിന്നുള്ള നാല് എംപിമാരടക്കം ആകെ 160 യാത്രക്കാരുമായി പറക്കുന്നതിനിടെ എഐ 2455 ഫ്ളൈറ്റിന് ബംഗളൂരു വ്യോമപാതയിൽ വച്ച്‌ റഡാറിൽ സിഗ്നൽ തകരാർ സംഭവിച്ചു. തുടർന്നാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. നാല് തവണ പ്രദേശത്ത് വട്ടമിട്ടുപറന്ന ശേഷമാണ് വിമാനത്തിന് ചെന്നൈ എയർ‌ട്രാഫി‌ക് സർവീസിൽ നിന്ന്‌ (എടിഎസ്‌) ലാൻഡിംഗ് നിർദ്ദേശം ലഭിച്ചത്.

അതേസമയം റൺവേയിൽ മറ്റൊരുവിമാനം ഉണ്ടായിരുന്നതിനാൽ ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചതായി വിമാനത്തിലെ ജീവനക്കാർ അറിയിച്ചിരുന്നെന്ന് എംപിമാർ പറഞ്ഞു. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂ‌ർ പ്രകാശ്, കെ രാധാകൃഷ്‌ണൻ എന്നിങ്ങനെ കേരളത്തിൽ നിന്നുള്ള എംപിമാരും തമിഴ്‌നാട്ടിൽ തിരുന്നൽവേലിയിൽ നിന്ന് റോബർട്ട് ബ്രൂസും യാത്രക്കാരായുണ്ടായിരുന്നു. ഇവരടക്കം യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. പൈലറ്റിന് നന്ദിയുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു. അതേസമയം വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർ ഇന്ത്യ അറിയിച്ചു.