പുട്ടിൻ-ട്രംപ് ചർച്ച: യുക്രെയിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യം

Monday 11 August 2025 7:24 AM IST

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 15ന് അലാസ്കയിൽ വച്ച് നടത്തുന്ന ചർച്ചയിൽ യുക്രെയിനെയും ഭാഗമാക്കണമെന്ന് ആവശ്യം. യുക്രെയിൻ യുദ്ധ പരിഹാരം ലക്ഷ്യമിട്ടുള്ള ഏതൊരു ചർച്ചയിലും തങ്ങളെ ഉൾപ്പെടുത്തണമെന്ന യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ആവശ്യത്തെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണച്ചു. യുക്രെയിന്റെ പങ്കാളിത്തമില്ലാതെ എടുക്കുന്ന ഏത് തീരുമാനവും ഫലപ്രദമല്ലാത്തതും അപ്രായോഗികവും ആയിരിക്കുമെന്ന് സെലെൻസ്കി ചൂണ്ടിക്കാട്ടി. യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്നും വ്യക്തമാക്കി. ചർച്ചയിൽ സെലെൻസ്കിയെ പങ്കെടുപ്പിക്കാൻ ട്രംപിന് താത്പര്യമുണ്ടെങ്കിലും റഷ്യ തയ്യാറല്ല. പുട്ടിനുമായി ചർച്ച നടത്തുന്ന അതേ ദിവസം അലാസ്കയിൽ തന്നെ സെലെൻസ്കിയുമായി ട്രംപിന്റെ സമാന്തര ചർച്ച നടത്തുന്നത് വൈറ്റ് ഹൗസിന്റെ പരിഗണനയിലുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

യുക്രെയിന്റെ പരമാധികാരവും സുരക്ഷാ താത്പര്യങ്ങളുംസംരക്ഷിക്കുന്ന നയതന്ത്ര പരിഹാരം വേണമെന്ന് കാട്ടി ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇ​റ്റലി, പോളണ്ട്, ഫിൻലൻഡ്, യൂറോപ്യൻ കമ്മീഷൻ തുടങ്ങിയവർ ചേർന്ന് സംയുക്ത പ്രസ്താവന പുറത്തുവിട്ടു. അതേ സമയം, വെടിനിറുത്തൽ കരാറിലെത്താൻ ചില പ്രദേശങ്ങൾ കൈമാറേണ്ടി വന്നേക്കാമെന്ന ട്രംപിന്റെ പരാമർശത്തെ ആശങ്കയോടെയാണ് യുക്രെയിൻ കാണുന്നത്.