ഗാസയിൽ ആശുപത്രിയ്‌ക്ക് സമീപം ആക്രമണം: അഞ്ച് മാദ്ധ്യമപ്രവർത്തകർ മരിച്ചു, ഒരാൾ ഭീകരനെന്ന് ഇസ്രയേൽ

Monday 11 August 2025 8:18 AM IST

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയ്‌ക്ക് സമീപം മാദ്ധ്യമ പ്രവർത്തകർ തങ്ങിയ ടെന്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴുപേർ മരിച്ചു. ഇതിൽ അഞ്ചുപേർ മാദ്ധ്യമപ്രവർത്തകരാണ്. ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്തെ ടെന്റാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ ജീവനക്കാരായ അനസ് അൽ ഷരിഫ്, മൊഹമ്മദ് കുറെയ്‌ഷ്, ക്യാമറാമാൻ ഇബ്രാഹീം സഹെ‌ർ, മൊഅമൻ അലിവ, മൊബമ്മെദ് നൗഫൽ എന്നിവരാണ് മരിച്ചതെന്ന് അൽ ജസീറ സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ അനസ് അൽ ഷരീഫ് ഒരു ഭീകരനാണ് എന്ന് അവകാശപ്പെട്ട് ഇസ്രയേൽ രംഗത്തെത്തി. ഹമാസിലെ ഭീകരവാദികളുടെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു അനസ് എന്നും ഇയാൾ മാദ്ധ്യമ പ്രവർത്തകൻ എന്ന പേരിൽ പ്രവ‌ർത്തിച്ചിരുന്നതാണെന്നും ഇസ്രയേൽ ആരോപിക്കുന്നു. ഇസ്രയേൽ പൗരന്മാർക്ക് നേരെയും സൈന്യത്തിനുനേരെയും റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നിൽ ഇയാളെന്നാണ് വാദം.

ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടെ 28കാരനായ അനസ് അൽ ഷരീഫ് തന്റെ ജോലി തുടരുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ സുഹൃത്തുക്കൾ പങ്കുവച്ചിട്ടുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ഇതുവരെ 200 മാദ്ധ്യമപ്രവർത്തകരാണ് മരിച്ചത്.