പാക് പ്രകോപനത്തിന് സൈനികാഭ്യാസം വഴി മുന്നറിയിപ്പ് നൽകാൻ ഇന്ത്യ, നടക്കുക അറബിക്കടലിൽ

Monday 11 August 2025 9:47 AM IST

അഹമ്മദാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് സംഭവിച്ച നഷ്‌ടങ്ങൾ കഴിഞ്ഞദിവസം ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നിലനിൽപ്പിന് ഭീഷണിയാകുമെങ്കിൽ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ പറഞ്ഞു. ഇത്തരം പ്രകോപനങ്ങൾക്ക് മറുപടി എന്ന വണ്ണം ഇന്ത്യ അറബിക്കടലിൽ നാവികസേനാ അഭ്യാസം നടത്താൻ ഒരുങ്ങുകയാണ്.

പാകിസ്ഥാനും അറബിക്കടലിൽ സൈനികാഭ്യാസം നടത്തും എന്നാണ് വിവരം. ഇന്നും നാളെയുമായാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും നാവികസേനകൾ സൈനികാഭ്യാസം നടത്തുക. ഗുജറാത്തിലെ പോർബന്ദറിലും ഓഖ തീരങ്ങളോട് ചേർന്നുമാണ് നാവികസേന അഭ്യാസം നടത്തുന്നത്. ഇത്തരം സൈനിക അഭ്യാസങ്ങൾ പതിവുളളതാണെന്നാണ് പ്രതിരോധവിഭാഗം വ്യക്തമാക്കുന്നത്. എന്നാൽ ഇന്ത്യ സൈനികശക്തി പരീക്ഷണം നടത്തുന്ന അതേസമയം പാകിസ്ഥാനും നടത്തുന്നതാണ് ഏവരുടെയും ശ്രദ്ധ ഇവിടേക്ക് തിരിക്കുന്നത്.

ഇന്ത്യൻ തീരത്ത്നിന്നും ഏതാണ്ട് 60 നോട്ടിക്കൽ മൈൽ മാത്രം അകലെ പാകിസ്ഥാന്റെ അതിർത്തിയിലാണ് പാകിസ്ഥാൻ സൈനികാഭ്യാസം നടത്തുക. ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് മരിച്ചത്. ഇതിനെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ കനത്ത തിരിച്ചടി നൽകിയ ഇന്ത്യ തീവ്രവാദ ഗ്രൂപ്പുകളായ ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ ഇ ത്വയ്‌ബയുടെയും കേന്ദ്രങ്ങൾ തകർത്തു. പാക് സൈനിക കേന്ദ്രങ്ങളിലും കൃത്യമായ ആക്രമണം ഇന്ത്യ നടത്തി.