"മതം മാറാമെന്ന് മോള് പറഞ്ഞു; പിന്നെ അവൾ തീരുമാനം മാറ്റാൻ കാരണമുണ്ട്"; സോനയുടെ അമ്മയുടെ വെളിപ്പെടുത്തൽ

Monday 11 August 2025 12:05 PM IST

കൊച്ചി: കോതമംഗലത്തെ സോനയുടെ ആത്മഹത്യയിൽ പ്രതികരിച്ച് യുവതിയുടെ അമ്മ. മതം മാറാൻ മകളെ റമീസ് നിർബന്ധിച്ചെന്നും തങ്ങളാരും അറിയാതെ പൊന്നാനിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു.

'അവന്റെ വാപ്പയും ഉമ്മയും ഇവിടെ കല്യാണം ആലോചിച്ച് വന്നിരുന്നു. അവളുടെ അപ്പച്ഛൻ മരിച്ച് ഏഴെട്ട് ദിവസം കഴിഞ്ഞപ്പോഴാണ് വന്നത്. മതം മാറണമെന്നും ഇല്ലെങ്കിൽ അവരെ പള്ളിയിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. മതം മാറിയാലേ വിവാഹം കഴിക്കാൻ പറ്റൂവെന്ന് പറഞ്ഞുകൊണ്ട്, മതം മാറാൻ താത്പര്യമുണ്ടോയെന്ന് അവർ മോളോട് ചോദിച്ചു.

റമീസിനെ വിവാഹം കഴിക്കാൻ മതം മാറാൻ കുഴപ്പമില്ലെന്നായിരുന്നു മോള് പറഞ്ഞത്. ഞാനും മോനും ഉണ്ടായിരുന്നു. മേയ് മാസമാകുമ്പോൾ അപ്പന്റെ ആണ്ട് കഴിയും. അത് കഴിഞ്ഞ് വിവാഹം നടത്താമെന്ന് മോൻ പറഞ്ഞു. എന്റെ പെങ്ങളല്ലേ, മതം മാറാതെ രജിസ്റ്റർ വിവാഹമായിട്ടാണെങ്കിൽ രണ്ട് കൂട്ടർക്കും പ്രശ്നമില്ലല്ലോ എന്ന് മോൻ പറഞ്ഞു.

മതം മാറാതെ പറ്റില്ലെന്നും പൊന്നാനിയിൽ പോയി ക്ലാസിൽ പങ്കെടുക്കണമെന്നും അവർ പറഞ്ഞു. അവളുടെ പഠിപ്പ് കഴിയട്ടെയെന്നും പറഞ്ഞ് അവർ പോയി. പിന്നെ അവർ നമ്മളെ വിളിച്ചിട്ടില്ല. അവളും അവനും തമ്മിൽ സംസാരമുണ്ടായിരുന്നു. കഴിഞ്ഞതിന്റെ മുന്നിലത്തെ വെള്ളിയാഴ്ച അവനെ ഇമ്മോറൽ ട്രാഫിക്കിന് പിടിച്ചു. മോള് അതറിഞ്ഞ് വീട്ടിൽപ്പോയി സംസാരിച്ചു. അപ്പോൾ അവളെ മോശക്കാരിയാക്കി. ഇനി മതം മാറില്ലെന്ന് മോള് തീരുമാനിച്ചു. അപ്പോഴും അവനോടുള്ള സ്‌നേഹം പോയിട്ടില്ലായിരുന്നു. രജിസ്റ്റർ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും മോൾ പറഞ്ഞു.

ഇത്രയും വലിയ തെറ്റ് ചെയ്തവന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് അത്രയും താഴാൻ പറ്റില്ല, ഞാൻ മതം മാറില്ലെന്ന് അവൾ പറഞ്ഞു. എന്നാൽ രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അവളെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് റമീസ് കൊണ്ടുപോയി. അഞ്ച് മണി കഴിഞ്ഞപ്പോൾ അമ്മേ ഞാൻ രജിസ്റ്റർ മാര്യേജ് കഴിക്കാൻ പോകുകയാണ്, വന്നിട്ട് ബാക്കി പറയാമെന്ന് എനിക്ക് മെസേജ് അയച്ചു. റമീസറിയാതെയായിരുന്നു മെസേജ്.

അവർ സമ്മതിച്ചോ മോളേ എന്ന് ചോദിച്ചതിന് മോൾ മറുപടി നൽകിയില്ല. വീട്ടിൽ അവരുടെ വാപ്പയുടെയും ഉമ്മയുടെയുമെല്ലാം ബന്ധുക്കളും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. വാതിലടച്ചു. പുറത്ത് കാർ റെഡിയാക്കിവച്ച് മോളെ പൊന്നാനിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനമായിരുന്നു.

പൊന്നാനിയിൽ പോയി രണ്ട് മാസം കഴിഞ്ഞ് വീട്ടിൽ പറഞ്ഞാൽ മതിയെന്ന് റമീസും കുടുംബവും മോളോട് പറഞ്ഞു. എതിർത്തപ്പോൾ റമീസ് മോളുടെ മുഖത്ത് അടിച്ചു. മോൾ പേടിച്ച് ആങ്ങളയെ വിളിക്കുമെന്ന് പറഞ്ഞു. അതോടെ അവൻ പേടിച്ച് രാത്രി തന്നെ അവളെ വീട്ടിൽ കൊണ്ടുവിട്ടു.

കഴിഞ്ഞ വ്യാഴാഴ്ച മോൾ എന്റെ ഫോണിൽ നിന്ന് അവനെ വിളിച്ചു. അപ്പോൾ അവൻ പറഞ്ഞു, സോന ഇനി വിവാഹം കഴിക്കണമെങ്കിൽ മതവും മാറണം എന്റെ വീട്ടിൽ വന്ന് താമസിക്കുകയും ചെയ്യണമെന്ന്. ഇവർ മുറിയിലിരുന്ന് കരയുകയാണ്. സമാധാനമായി ജീവിക്കാനല്ലേ വിവാഹം കഴിക്കുന്നതെന്നൊക്കെ ഇവൾ അവനോട് പറയുന്നുണ്ട്. മോളേ ഇങ്ങനെ അവനോട് കെഞ്ചണോ എന്ന് ഞാൻ ചോദിച്ചു. ഞാൻ അവനോട് സംസാരിച്ചപ്പോഴും മതം മാറണമെന്ന് തന്നെയാണ് പറഞ്ഞത്. ഇത് ശരിയാകില്ലെന്നും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി. വെള്ളിയാഴ്ച ക്ലാസിൽ പോയി.

ശനിയാഴ്ച അവൾ ഇവിടിരുന്ന് ചായ കുടിക്കുന്നത് കണ്ടിട്ടാണ് ഞാൻ പണിക്ക് പോയത്. വീട്ടുജോലിക്ക് പോകുമ്പോൾ ഫോൺ നോക്കാറില്ല. ഉച്ചയ്ക്ക് ഫോൺ നോക്കിയപ്പോൾ ഇവന്റെ ഉമ്മയുടെ രണ്ട് മിസ്ഡ് കോൾ കണ്ടു. ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ വാട്സാപ്പ് ചെക്ക് ചെയ്യ്, നിങ്ങളുടെ മോൾ ഒരു സാധനം അയച്ചിട്ടുണ്ട്. അത് ഞാൻ തിരിച്ചയച്ചിട്ടുണ്ട്, വേഗം നോക്കെന്ന് പറഞ്ഞു. ആ അത്മഹത്യാക്കുറിപ്പാണ് കണ്ടത്. അവളുടെ അപ്പൻ മരിച്ചിട്ട് മൂന്ന് മാസമാകുന്നേയുള്ളൂ.'- സോനയുടെ അമ്മ പറഞ്ഞു.