സെൽഫിയെടുക്കാൻ ശ്രമം,​ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവിന് ഗുരുതരപരിക്ക്; വീഡിയോ

Monday 11 August 2025 12:08 PM IST

ബന്ദിപ്പൂർ: കർണാടകയിലെ ബന്ദിപ്പൂരിൽ ആനയുമായി സെൽഫിയെടുക്കാൻ ശ്രമിച്ച മലയാളി യുവാവിനെ കാട്ടാന ആക്രമിച്ചു. ഊട്ടിയിൽ നിന്ന് മൈസൂരിലേക്കുള്ള ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് ആരാണെന്ന് തിരിച്ചറിഞ്ഞ് തുടർനടപടികളെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള കർശന നിരോധനം ഏർപ്പെടുത്തിയ മേഖലയിലാണ് യുവാവ് ഉൾപ്പെടെ നിരവധി പേർ റോഡിൽ ഇറങ്ങിയത്. ഒട്ടേറെ വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു. യുവാവ് വാഹനത്തിൽ നിന്ന് ഇറങ്ങി ആനയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ ആന ആക്രമി‌ക്കുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ നിലത്തുവീണ ഇയാളെ ആന പിന്തുടർന്ന് ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു,.

വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. നിയന്ത്രണമുള്ള വനപ്രദേശങ്ങളിൽ ഇറങ്ങുന്നതും കടക്കുന്നതും മൂന്ന് വർഷം വരെ തടവോ കനത്ത പിഴയോ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇതാദ്യമല്ല ബന്ദിപ്പൂരിൽ ഇത്തരമൊരു സംഭവം നടക്കുന്നത്. ഫെബ്രുവരിയിൽ ചാമരാജനഗർ ജില്ലയിൽ ആനയുമായി സെൽഫി എടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ ആന പിന്തുടര്‍ന്നിരുന്നു. ഇരുവരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.