ചോറ് ബാക്കിയായോ? ഓണത്തിന് വ്യത്യസ്തമായ ഒരു പായസം തയ്യാറാക്കാം, വെറും പത്തുമിനിട്ട് മതി

Monday 11 August 2025 12:46 PM IST

മലയാളികൾ കാത്തിരിക്കുന്ന ഓണം പടിവാതിൽക്കലെത്തിയിരിക്കുന്നു. വിവിധ തരം പായസങ്ങൾ കൂട്ടി ഓണസദ്യ കഴിക്കാനാണ് എല്ലാ മലയാളികളും കാത്തിരിക്കുന്നത്. സാധാരണയായി പാൽപായസം, കടലപ്പായസം, അടപ്പായസം തുടങ്ങിയവയായിരിക്കും ഓണക്കാലത്ത് മിക്ക വീടുകളിലും തയ്യാറാക്കുക. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായ ഒരു പായസത്തിന്റെ റെസിപ്പി അറിയാം.

ഓണക്കാലത്ത് മിക്ക വീടുകളിലും ചോറ് ബാക്കിയാകാറുണ്ട്. ഇത് വളർത്തുമൃഗങ്ങൾക്ക് കൊടുക്കുകയോ പറമ്പിൽ കളയുകയോ ആവും കൂടുതൽപ്പേരും ചെയ്യുക. എന്നാൽ ബാക്കിയാവുന്ന ഈ ചോറുവച്ച് അടിപൊളിയൊരു പായസം തയ്യാറാക്കിയാലോ? സ്‌കൂൾവിട്ടു വരുമ്പോൾ കുട്ടികൾക്ക് ലഘുഭക്ഷണമായും ഈ പായസം തയ്യാറാക്കിക്കൊടുക്കാം. വളരെ കുറവ് ചേരുവകൾ മാത്രം മതിയായതിനാൽ ഈ പായസം തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ഇതിനായി ആദ്യം കാൽകപ്പ് പഞ്ചസാര മീഡിയം ഫ്ളെയിമിലിട്ട് ഉരുക്കിയെടുക്കണം. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പഞ്ചസാര ഉരുകിത്തുടങ്ങുമ്പോൾ അടിക്കുപിടിക്കാതെ ഇളക്കിക്കൊടുക്കാം. പ‌ഞ്ചസാര ഉരുകിക്കഴിഞ്ഞാൽ 50 ഗ്രാം ബട്ടർ ചേർത്തിളക്കണം. ശേഷം ഒരുലിറ്റർ പാൽ ചേർത്തിളക്കണം. പാൽ നന്നായി തിളച്ചുകഴിയുമ്പോൾ മൂന്ന് കപ്പ് ചോറ് ചേർക്കണം. പഞ്ചസാര ആവശ്യമുണ്ടെങ്കിൽ വീണ്ടും ചേർക്കാം. ശേഷം അഞ്ച് ഏലയ്ക്ക പൊടിച്ചത് കൂടി ചേർത്ത് ഇളക്കണം. കുറുകി വരുമ്പോൾ തീ അണച്ച് കുറച്ചുനേരം കൂടി ഇളക്കണം. അവസാനമായി നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തിൽ ചേർക്കാം.