മദ്യലഹരിയിൽ നിരന്തരം ലൈംഗിക പീഡനം; മകനെ അമ്മ വെട്ടിക്കൊന്നു

Monday 11 August 2025 12:47 PM IST

ലക്‌നൗ: ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിൽ ഈ മാസം ഏഴിനായിരുന്നു സംഭവം. 32കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 56കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മദ്യപിച്ച് വീട്ടിലെത്താറുള്ള മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്നാണ് അമ്മ പൊലീസിൽ നൽകിയ മൊഴി. കൊലപാതകം നടന്ന ദിവസവും പീഡിപ്പിക്കാൻ യുവാവ് ശ്രമിച്ചു. ഇതിനിടെ അരിവാളുകൊണ്ട് മകനെ വെട്ടുകയായിരുന്നു എന്നാണ് സ്‌ത്രീ പറഞ്ഞത്. രക്തം പുരണ്ട വസ്‌ത്രങ്ങളും കൃത്യം നടത്താൻ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.

മകനെ ഒരു അജ്ഞാതനെത്തി കൊലപ്പെടുത്തിയെന്നാണ് അമ്മ ആദ്യം മറ്റുള്ളവരോട് പറഞ്ഞത്. നാട്ടുകാരെത്തിയപ്പോൾ യുവാവ് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് യുവാവിന്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, അമ്മയെ ചോദ്യം ചെയ്‌തതോടെ പൊലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.