'റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു, കോളേജ് കാലം മുതൽ പ്രണയം'; 23കാരിയുടെ മരണത്തിൽ അറസ്റ്റ്
കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസ് അറസ്റ്റിൽ. കറുകടത്തെ സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൻ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കോതമംഗലം കറുകടം കടിഞ്ഞുമ്മേൽ ഹൗസിൽ എൽദോസിന്റെയും ബിന്ധുവിന്റെയും മകളാണ് സോന. സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ റമീസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് സോനയുടെ കുറിപ്പിലുള്ളത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയായ സോന എൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ സാധിക്കില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. എന്നാൽ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു. റമീസിന്റെ തെറ്റുകൾ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാൻ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോര തന്റെ വീട്ടിൽ നിൽക്കണമെന്നും കർശനമായി പറഞ്ഞു'- എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
അതേസമയം, റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകൾ സോനയുടെ കൈവശമുണ്ടായിരുന്നതായി സുഹൃത്ത് ജോൺസി പറഞ്ഞു. റമീസ് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ വിവാഹം ചെയ്യാൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ അടിമാലിയിലെത്തിയ റമീസ് അവസാന നിമിഷം പിൻമാറി. റമീസ് കഴിഞ്ഞയാഴ്‌ച വീട്ടിലേയ്ക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്ന് സോന പറഞ്ഞു. മതം മാറാൻ റമീസും കുടുംബവും നിർബന്ധിച്ചു. മതം മാറണമെങ്കിൽ രജിസ്റ്റർ വിവാഹം ചെയ്യണമെന്ന് സോന പറഞ്ഞു. സഹോദരനോട് ഇക്കാര്യങ്ങൾ പറയരുതെന്ന് സോന പറഞ്ഞതായും ജോൺസി വെളിപ്പെടുത്തി. ആലുവ യുസി കോളേജിലെ പഠനകാലത്താണ് സോനയും റമീസും പ്രണയത്തിലായതെന്നാണ് പൊലീസ് പറയുന്നത്.