വോട്ടർ പട്ടിക തയ്യാറാക്കിയത് കോൺഗ്രസ് ഭരണകാലത്ത്, വിവാദ പരാമർശത്തിന് പിന്നാലെ കർണാടക മന്ത്രി കെ.എൻ രാജണ്ണ രാജിവച്ചു

Monday 11 August 2025 6:56 PM IST

തിരുവനന്തപുരം: കർണാടക വോട്ടർപട്ടികയിലെ ക്രമക്കേടിനെപ്പറ്റിയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രംഗത്ത് വന്ന കർണാടക സഹകരണ മന്ത്രി കെ.എൻ രാജണ്ണ രാജിവച്ചു. കോൺ​ഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന രാജണ്ണയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വോട്ടർ പട്ടികയിൽ സമയത്ത് പരാതി അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് കർണ്ണാടക കോൺഗ്രസിൽ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കി. വിവാദ പരാമർശത്തിനു പിന്നാലെ രാജണ്ണയെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയും കോൺഗ്രസ് നേതൃത്വം രാജി ചോദിച്ച് വാങ്ങുകയുമായിരുന്നു. വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് രാജണ്ണ രാജി സമർപ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ള നേതാവാണ് രാജണ്ണ. രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തിയിരുന്നു. വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

‘‘എന്നാണു വോട്ടർപട്ടിക തയാറാക്കിയത്? നമ്മുട‌െ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് എല്ലാവരും കണ്ണ‌ടച്ചു മിണ്ടാതിരിക്കുകയായിരുന്നോ? പറയാനാണെങ്കിൽ പല കാര്യങ്ങളുമുണ്ട്. ക്രമക്കേട് ന‌ടന്നു എന്നതു സത്യമാണ്. അതു ന‌ടന്നത് നമ്മുടെ കൺമുന്നിലാണ്. നമ്മൾ ലജ്ജിക്കണം. അന്ന് നമ്മളതു ശ്രദ്ധിച്ചില്ല. കൃത്യസമയത്തു പ്രതികരിക്കേണ്ടത് നേതാക്കളു‌ടെ കടമയാണ്. കരട‌ു വോ‌ട്ടർ പട്ടിക തയാറാക്കിയപ്പോൾത്തന്നെ നമ്മൾ എതിർപ്പ് അറിയിക്കേണ്ടതായിരുന്നു. അത് നമ്മു‌ടെ കടമയാണ്. അന്ന് നമ്മൾ നിശബ്ദരായിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്.’’ എന്നാണ് രാജണ്ണ പറഞ്ഞത്.