അമീര്‍ എത്തിയത് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച്; ഷൈലജ തിരിച്ചറിഞ്ഞതോടെ കുരുക്കിലായി
തൃശൂര്‍: ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. മാള കുരുവിലശ്ശേരിയില്‍ ക്ഷേത്രത്തിന് സമീപമാണ് മാല പൊട്ടിക്കല്‍ നടന്നത്. സംഭവത്തില്‍ പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറം ആലംകുളം വീട്ടില്‍ മുഹമ്മദ് അമീര്‍ (30) ആണ് കേസില്‍ അറസ്റ്റിലായത്.
ഓഗസ്റ്റ് മാസം ഒന്നാം തീയതിയാണ് മോഷണം നടന്നത്. അമീറും മറ്റൊരാളുമാണ് സ്‌കൂട്ടറില്‍ എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. അമീറിന് ഒപ്പമുണ്ടായിരുന്ന ആളേക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
മാല നഷ്ടപ്പെട്ട കുരുവിലശ്ശേരി സ്വദേശി ചുണ്ടങ്ങാപ്പറമ്പില്‍ ഷൈലജ ഇയാളെ തിരിച്ചറിഞ്ഞു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി കേസുകളില്‍ മുമ്പ് പ്രതിയായിരുന്ന അമീര്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിച്ച വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.
മാള എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നിരവധി സിസിടിവി ക്യാമറകളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.