പഴമ നിലനിറുത്തി അണിഞ്ഞ് ഒരുങ്ങാൻ വൈക്കം ബോട്ടുജെട്ടി

Tuesday 12 August 2025 1:36 AM IST

കോട്ടയം : ചരിത്രമുറങ്ങുന്ന വൈക്കം ബോട്ടുജെട്ടി പഴമ നിലനിറുത്തി അടിമുടി അണിഞ്ഞൊരുങ്ങുന്നു. മേജർ ഇറിഗേഷൻ വകുപ്പിന്റെ പ്രത്യേകപദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം. വേലിയേറ്റസമയത്ത് വെള്ളം കയറാതിരിക്കാനായി തറ അല്പം കൂടി ഉയർത്തി. തേക്ക്, ആഞ്ഞിലി തടികളുപയോഗിച്ചായിരുന്നു പഴയ ബോട്ടുജെട്ടിയുടെ നിർമ്മാണം. മേൽക്കൂര ആഞ്ഞിലിയും ഭിത്തി തേക്ക് പലകയുമായിരുന്നു. കാലപ്പഴക്കത്തിൽ കഴുക്കോൽ കേടായി. ഇവ മാറ്റി ആഞ്ഞിലിത്തടി കൊണ്ടുതന്നെ പുനർനിർമ്മിച്ച് ഷീറ്റിട്ടു. ഇനി ഭിത്തി തേക്കിന്റെ പലകകൾ ഉപയോഗിച്ച് നവീകരിക്കും. നിലവിൽ മേൽക്കൂര നവീകരണവും ഭിത്തി ബലപ്പെടുത്താനായി നെറ്റും എംസാൻഡും ഉപയോഗിച്ച് തേക്കുന്ന ജോലികളും പൂർത്തിയായി. നവീകരണത്തിന്റെ ഭാഗമായി എടുത്തുമാറ്റിയ തിരുവിതാംകൂറിന്റെ രാജമുദ്ര പതിപ്പിച്ച പലകയും പുനഃസ്ഥാപിച്ചു. 2020 ൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോം നവീകരിച്ചിരുന്നു. പഴയ ബോട്ടുജെട്ടിക്ക് സമീപംതന്നെ പുതിയ കെട്ടിടം പണിത് 2011 ഫെബ്രുവരി 11 ന് പ്രവർത്തനം അങ്ങോട്ടുമാറ്റി. ഇവിടെ നിന്നാണ് തവണക്കടവിലേക്കുള്ള ബോട്ട് സർവീസ്.

ഗാന്ധിജി വന്നയിടം

സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്നതാണ് വൈക്കം ബോട്ടു ജെട്ടി. 1925 മാർച്ചിൽ വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്തെത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്.

'' ഗാന്ധിയുടെ പാദസ്പർശമേറ്റ പഴയ ബോട്ടുജെട്ടി സംരക്ഷിച്ച് നിറുത്തുന്നതിന്റെ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കും.

-ഇറിഗേഷൻ വകുപ്പ് അധികൃതർ

ചെലവ് 25 ലക്ഷം