സംസ്ഥാനത്തെ ആദ്യത്തെ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റ് വർക്കലയിൽ

Tuesday 12 August 2025 12:48 AM IST

ഡയപ്പർ മാലിന്യത്തിൽ നിന്ന് വൈദ്യുതി

വർക്കല: ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങളുടെ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ വർക്കല. സംസ്ഥാനത്ത് ആദ്യമായാണ് സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റ് ആരംഭിക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ വർക്കല കണ്വാശ്രമം മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപം,നഗരസഭയുടെ ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിച്ചത്.

ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങളായ ഡയപ്പറുകൾ,സാനിറ്ററി പാഡുകൾ,പുനരുപയോഗ സാദ്ധ്യമല്ലാത്ത തുണികൾ,മുടി എന്നിവ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാൻ ഇതുവഴി കഴിയും.

പ്ലാന്റിന്റെ ട്രയൽ റൺ രണ്ട് മാസം മുൻപ് വിജയകരമായി നടത്തിയിരുന്നു.ഒരു കിലോഗ്രാം മാലിന്യത്തിന് ഒരു രൂപ നഗരസഭയ്ക്ക് വരുമാനമായി ലഭിക്കും. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഗാർഹിക ബയോമെഡിക്കൽ സാനിറ്ററി മാലിന്യങ്ങൾ കൈയൊഴിയുന്നതിനും വ്യക്തിശുചിത്വം ഉറപ്പാക്കാനും സാധിക്കും. പരിസ്ഥിതി സൗഹൃദമായിട്ടാണ് സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിച്ചിട്ടുള്ളത്.

പദ്ധതിച്ചെലവ്

1.47 കോടി രൂപ

പ്രതിദിനം 5 ടൺ മാലിന്യം സംസ്‌കരിക്കാം

60 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം

നിർമ്മാണച്ചുമതല - ശുചിത്വമിഷന്റെ അംഗീകാരമുള്ള തിരുവനന്തപുരം ഫ്ലോററ്റ് ടെക്‌നോളജീസിന്

നഗരസഭയ്ക്ക് പുറമെ സമീപ പഞ്ചായത്തുകൾക്കും പ്ലാന്റ് ഉപയോഗപ്പെടുത്താം.

ഊർജ്ജ ഉത്പാദനം

ടർബൈൻ വഴി വൈദ്യുതി ഉത്പാദിപ്പിക്കുകയും വോൾട്ടേജ് ഉറപ്പാക്കിയശേഷം ഗ്രിഡിലേക്ക് അനുയോജ്യമായ ഫ്രീക്ക്വൻസിയിൽ കണക്ട് ചെയ്ത് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലേക്ക് ഊർജ്ജം കൈമാറും. പുറന്തള്ളപ്പെടുന്ന ചാരം അവശിഷ്ട സംസ്കരണത്തിന്റെ ഭാഗമായി എറണാകുളം കെല്ലിൽ എത്തിക്കേണ്ട ചുമതലയും ഏജൻസിക്കാണ്. ഡൈജഷൻ കഴിഞ്ഞശേഷമുള്ള സ്ലറി വളമായി മാറ്റുന്നതിന് എഫ്.എ.സി.ടി പോലുള്ള സ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടവും നഗരസഭ ലക്ഷ്യമിടുന്നു.

ഓട്ടോമാറ്റിക്

ഡബിൾ ചേംബറിൽ പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്ലാന്റിന്റെ പ്രവർത്തനം. മാലിന്യ ശേഖരണവും സംസ്‌കരണവും ഉൾപ്പെടെ 10 വർഷത്തെ പരിപാലനവും ഏജൻസി വഹിക്കും. മാലിന്യ ശേഖരണത്തിന് പ്രത്യേക മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി ജനങ്ങളിൽ നിന്നും ഏജൻസി നേരിട്ട് മാലിന്യം ശേഖരിക്കും. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് 42രൂപയാണ് ഏജൻസി ഈടാക്കുക.സ്ഥാപനങ്ങൾക്ക് 50രൂപ ഫീസ് നൽകണം.ഹരിതകർമ്മസേനയ്ക്ക് പുറമെയാവും ഏജൻസിതലത്തിലുള്ള ശേഖരണം.

ഉദ്ഘാടനം നാളെ

പ്ലാന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ അഡ്വ.വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.

പൊതുനിരത്തുകളിലും ജലാശയങ്ങളിലും സാനിറ്ററി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

കെ.എം.ലാജി,

വർക്കല നഗരസഭ ചെയർമാൻ