ശബരി റെയിലിന്റെ ചെലവ് വഹിക്കണം
റെയിൽവേ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വികസനം കാര്യമായി നടക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇതിന് പ്രധാന കാരണം പല പദ്ധതികളിലും ചെലവ് പങ്കിടാനുള്ള കേരളത്തിന്റെ നിസ്സഹരണവും സ്ഥലം ഏറ്റെടുത്തു കൊടുക്കാനുള്ള സംസ്ഥാനത്തിന്റെ താത്‌പര്യക്കുറവുമാണെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ കേരളത്തോടുള്ള അവഗണനയാണ് ഇവിടത്തെ റെയിൽ വികസനം മുരടിപ്പിക്കുന്നതെന്നാണ് കേരളം പറയുന്നത്. ഇതിൽ ഏതു വാദഗതിയാണ് ശരി എന്നതിലേക്കു കടന്ന് വാദപ്രതിവാദങ്ങൾ നടത്തിയിട്ട് കാര്യമില്ല. രണ്ടു ഭാഗത്തും സംഭവിച്ചിട്ടുള്ള വീഴ്ചകൾ പരിഹരിച്ച് ഭാവിയിൽ റെയിൽ വികസനം ത്വരിതപ്പെടുത്താൻ എന്താണു വേണ്ടത് എന്നതിൽ വേണം ശ്രദ്ധചെലുത്തേണ്ടത്.
ദീർഘകാലമായി കേരളം കാണുന്ന ഒരു സ്വപ്നമാണ് ശബരി പാതയുടെ പൂർത്തീകരണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്ക് ശബരിമലയിലേക്കുള്ള യാത്രയ്ക്കും, അതിലുപരി നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുന്നതാവും ശബരി റെയിൽപ്പാത. ശബരിമലയുടെ കവാടമായ എരുമേലിയിലേക്ക് റെയിൽപ്പാതയെന്ന സ്വപ്നം യാഥാർത്ഥ്യമായാൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയുടെ വികസനത്തിന് കുതിപ്പേകുന്നതാണത്. വർഷങ്ങളായി മരവിച്ചു കിടക്കുന്ന ശബരി റെയിൽപ്പാത നിർമ്മാണത്തിന് സംസ്ഥാനം ഉപാധികളില്ലാതെ പകുതി ചെലവ് പങ്കിടാൻ ആലോചിക്കുന്നതായി ഞങ്ങൾ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം ചെലവിൽ കേരളം ഭൂമി ഏറ്റെടുത്താൽ 111 കിലോമീറ്റർ പാത നിർമ്മിക്കാമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഉറപ്പ്. ആകെ വേണ്ട 3800 കോടിയിൽ കേരളം 1900 കോടി ചെലവഴിക്കണം.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ കേരളം സമയം പാഴാക്കിയാൽ ഭാവിയിൽ ഈ പദ്ധതി തന്നെ നടക്കാതെ പോകും. അതിനാൽ കിഫ്‌ബി വഴി ഈ തുക മറ്റ് ഉപാധികളില്ലാതെ നൽകാൻ കേരളം അടിയന്തരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്. അങ്ങനെ വന്നാൽ ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി അത് ഇന്ത്യയിലെമ്പാടും വീക്ഷിക്കപ്പെടുമെന്ന് നിസ്‌തർക്കമാണ്. ഇടുക്കിയിലേക്ക് ആദ്യമായി ട്രെയിൻ എത്തിക്കുന്ന ശബരി പാതയ്ക്ക് കേന്ദ്രം അനുകൂലമായിട്ടും കേരളം ഉഴപ്പിയാൽ അത് തിരിച്ചടിക്കാനിടയാകും. ശബരി പാത പ്രഖ്യാപിച്ചത് 1997- 98ലെ റെയിൽവേ ബഡ്‌ജറ്റിലാണ്. ശബരി പാതയ്ക്കായി ഇതിനകം 264 കോടി രൂപ റെയിൽവേ ചെലവാക്കിയിട്ടുണ്ട്. കാലടി വരെ ഏഴ് കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമ്മിച്ചു. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമ്മാണമാണ് ഇനി ബാക്കിയുള്ളത്.
കഴിഞ്ഞ രണ്ടു ബഡ്‌ജറ്റുകളിലായി 200 കോടി രൂപ കേന്ദ്രം നീക്കിവച്ചെങ്കിലും എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ പണം ചെലവാക്കാൻ കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവാണ് ഇപ്പോൾ 3800 കോടിയായി ഉയർന്നിരിക്കുന്നത്. ഇതിന്റെ പകുതിയാണ് കേരളം നൽകേണ്ടത്. അഞ്ചു വർഷങ്ങളിലായി പ്രതിവർഷം 400 കോടി രൂപ വീതം കണ്ടെത്തിയാൽ മതിയാകും. ഈ തീരുമാനം ഇനിയും വൈകിപ്പിക്കാതെ എടുക്കുകയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416 ഹെക്ടർ സ്ഥലം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തു നൽകാനുള്ള നടപടികൾ ഈ സർക്കാരിന്റെ കാലയളവിൽത്തന്നെ പൂർത്തിയാക്കുകയും വേണം. അങ്ങനെ വന്നാൽ ഈ സർക്കാരിന്റെ കിരീടത്തിലെ ഏറ്റവും വലിയ പൊൻതൂവലാകും അത്.