ഫലപ്രദമായ ഇടപെടൽ

Tuesday 12 August 2025 4:00 AM IST

മലയാളികളുടെ പാചകത്തിന്റെ രുചിയുടെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വെളിച്ചെണ്ണ. ഒരുപക്ഷേ പാചകത്തിന് ഏറ്റവും കൂടുതൽ വെളിച്ചെണ്ണ ഉപയോഗിക്കുന്ന സംസ്ഥാനം കേരളം തന്നെയാവും. മറ്റ് സംസ്ഥാനങ്ങളിൽ,​ പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കാറില്ല. പകരം മറ്റ് സസ്യഎണ്ണകളാണ് ഉപയോഗിക്കുന്നത്. അതിനാൽ വെളിച്ചെണ്ണയുടെയും തേങ്ങയുടെയും വില കൂടുന്നത് ഏറ്റവും ബാധിക്കുന്നത് കേരളത്തെയാണ്. സാധാരണഗതിയിൽ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ ഡിമാന്റ് കൂടുന്നതിനാൽ വിലയും കൂടുന്നത് പതിവാണ്. എന്നാൽ ഇത്തവണ ഓണത്തിന് മാസങ്ങൾക്ക് മുമ്പുതന്നെ വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്ന പ്രതിഭാസം സംഭവിക്കുകയും ലിറ്ററിന് 500 രൂപ വരെ എത്തുകയും ചെയ്തത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കുകയും സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുകൾ തുടങ്ങിയത്. പൊതുവിപണിയിൽ ലിറ്ററിന് 450 രൂപയ്ക്ക് മുകളിൽ വിറ്റിരുന്ന വെളിച്ചെണ്ണ സംസ്ഥാനത്തെ 94 ലക്ഷം റേഷൻകാർഡ് ഉടമകൾക്ക് സപ്ളൈകോ വില്പനശാലകൾ വഴി രണ്ടുമാസം ഒരു ലിറ്റർ വീതം 349 രൂപയ്ക്ക് നൽകാൻ സർക്കാർ തീരുമാനിച്ചതാണ് ഏറ്റവും സുപ്രധാനമായ ഇടപെടൽ. ഇതോടെ പൂഴ്‌ത്തിവയ്പുകാർ അങ്കലാപ്പിലാവുകയും പൂഴ്‌ത്തിവയ്പ് അവസാനിപ്പിച്ച് പിന്മാറാൻ നിർബന്ധിതരാവുകയും ചെയ്തു. സബ്‌സിഡി നിരക്കിൽ സർക്കാർ വെളിച്ചെണ്ണ നൽകുമെന്നതിനാൽ, കൊപ്ര കെട്ടിക്കിടക്കുമെന്നത് മുൻകൂട്ടി കണ്ടാണ് തമിഴ്‌നാട് വില കുറച്ചത്. കിലോഗ്രാമിന് 270 - 275 രൂപയ്ക്ക് വിറ്റിരുന്ന കൊപ്രയ്ക്ക്,​ അവർ പൂഴ്‌ത്തിവയ്പ് അവസാനിപ്പിച്ചതോടെ 210 രൂപയായി താഴ്‌ന്നു. വെളിച്ചെണ്ണ വില കുറയുന്നതിന് സർക്കാരിന്റെ ഇടപെടൽ ഫലപ്രദമായതിന്റെ തെളിവാണിത്.

പൊതുവിപണിയിൽ വില കുറയുന്നതിന് ആനുപാതികമായി സപ്ളൈകോ സബ്‌സിഡി നിരക്കിൽ വിൽക്കുന്ന വെളിച്ചെണ്ണ വിലയിലും കുറവുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചത് കൂടുതൽ പ്രതീക്ഷകൾക്ക് വകനൽകുന്നതാണ്. പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഇപ്പോൾ 395 - 425 രൂപയിലേക്ക് താഴ്‌ന്നിരിക്കുകയാണ്. ഇത് ഓണമെത്തുമ്പോഴേക്കും ലിറ്ററിന് 350 രൂപയാകാൻ സാദ്ധ്യതയുണ്ട്. ഓണത്തിന് വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകുമെന്ന സർക്കാർ പ്രഖ്യാപനം നിലനിൽക്കുന്നതിനാൽ തത്‌കാലത്തേക്കെങ്കിലും കരിഞ്ചന്തക്കാർ തലപൊക്കാൻ ഇടയില്ല. സിവിൽ സപ്ളൈസ് വകുപ്പിന്റെ കാര്യക്ഷമതയുള്ള ഇടപെടലിനൊപ്പം പാരച്യൂട്ട് വെളിച്ചെണ്ണ ഉത്‌പാദകരായ മാരികോ പോലുള്ള വൻകിട കമ്പനികൾ തമിഴ്‌നാട്ടിലെയും കർണാടകയിലെയും മൊത്തവ്യാപാരികളെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിക്കാൻ തുടങ്ങിയതും വില ഇടിയാൻ ഇടയാക്കി. മികച്ച വിളവുണ്ടായ കർണാടകയിൽ നിന്ന് കൂടുതലായി തേങ്ങ കേരളത്തിലേക്ക് എത്താൻ തുടങ്ങിയതും പൂഴ്‌ത്തിവച്ചിരുന്ന കൊപ്ര വില താഴ്‌ത്തി വിൽക്കാൻ മൊത്തവ്യാപാരികളെ നിർബന്ധിതരാക്കി.

ഓണം വിപണിയിലേക്ക് സപ്ളൈകോ 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണ എല്ലാ ഔട്ട്‌ലെറ്റുകളിലുമായി എത്തിക്കും. രണ്ടുലക്ഷം ലിറ്റർ വെളിച്ചെണ്ണ കേരയും എത്തിക്കും. 457 രൂപയാണ് അതിന്റെ വില. പൊതുവിപണിയിലെ വില പിടിച്ചുനിറുത്താൻ സർക്കാരിന്റെ പക്കലുള്ള ഏറ്റവും വലിയ ആയുധമാണ് സബ്സിഡി. സാധാരണക്കാരെ സഹായിക്കുന്നതിന്റെ ഭാഗമായി ഈ ആയുധം ഫലപ്രദമായി ഉപയോഗിക്കുക തന്നെ വേണം. അതുപോലെ തന്നെ ഭക്ഷ്യവകുപ്പിന് സബ്‌സിഡി നൽകാൻ വേണ്ട സഹായങ്ങൾ കാലവിളംബം കൂടാതെ ധനകാര്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം. വെളിച്ചെണ്ണയുടെ കാര്യത്തിലെന്ന പോലെ ഓണക്കാലത്ത് ഏത്തക്കയുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കാനുള്ള നടപടികളും അതിന്റെ ചുമതലയുള്ള സർക്കാർ വകുപ്പിൽ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.