അനുമതികാത്ത് ലൈസൻസ് അപേക്ഷകൾ.... കാട്ടുപന്നിയ്ക്ക് നേരെ വെടിപൊട്ടുന്നില്ല

Tuesday 12 August 2025 12:07 AM IST

മുണ്ടക്കയം : ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാകുന്നില്ല. പഞ്ചായത്ത്‌ പ്രസിഡന്റ്‌, നഗരസഭ അദ്ധ്യക്ഷൻ എന്നിവരെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡന്മാരായും പഞ്ചായത്ത്‌, നഗരസഭ സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസറായും നിയോഗിച്ചിട്ടുണ്ടെങ്കിലും തോക്കിന്റെ ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. 2020 മേയിലാണ് വനംവകുപ്പിന്റെ അനുമതിയോടെ ഉത്തരവ് നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയത്. അതിനുശേഷം 3 തവണ കാലാവധി ദീർഘിപ്പിച്ചു. തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള സ്വകാര്യ വ്യക്തികൾക്ക് തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ പന്നിയെ വെടിവച്ചു കൊല്ലാം. എന്നാൽ എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകൾ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരിൽ മിക്കവരെയും കിട്ടാറുമില്ല. നിലവിൽ തോക്ക് ലൈസൻസുള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. നിലവിലെ ലൈസൻസുകൾ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും സാധിക്കില്ല.

കളക്ടർ കനിയണം, കടമ്പകളേറെ

സ്വകാര്യ വ്യക്തികൾക്ക് സ്വയംപ്രതിരോധത്തിനായി തോക്കുകൾ സൂക്ഷിക്കാം. ഇതിനുള്ള ലൈസൻസിനായി കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. ജില്ലാ പൊലീസ് മേധാവി, ഡി.എഫ്.ഒ, ആർ.ഡി.ഒ എന്നിവരുടെ റിപ്പോർട്ടുകൾ തൃപ്തികരമാണെങ്കിൽ മാത്രമാണ് അപേക്ഷകന് ആദ്യം ഒരു വർഷത്തേക്ക് ലൈസൻസ് നൽകുന്നത്. പിന്നീടത് 5 വർഷത്തേക്ക് നീട്ടാം. സർക്കാർ അംഗീകൃത ഡീലറിൽ നിന്ന് മാത്രമേ തോക്ക് വാങ്ങാവൂ എന്നുണ്ട്. വാങ്ങിയാൽ ഉടൻ തിരകൾ സഹിതം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യണം. വീട്ടിൽ തോക്ക് സൂക്ഷിക്കാൻ സ്ട്രോംഗ് റൂം നിർബന്ധമാണ്. ഒരു വർഷം 200 ബുള്ളറ്റിന് മാത്രമാണ് അനുവാദം. അതിൽ തന്നെ ഒരുസമയം 100 ബുള്ളറ്റ് മാത്രമേ ഒരാൾക്ക് കൈവശംവയ്ക്കാനാകൂ.

 ''പൊലീസിന്റെയും തഹസിൽദാറിന്റെയും റിപ്പോർട്ടുകൾ മാത്രം മതിയായിരുന്നു മുൻപ് ലൈസൻസിന് എന്നാൽ ഇതിന് പുറമേ കാഴ്‌ച പരിശോധനാ റിപ്പോർട്ടും ആരോഗ്യ റിപ്പോർട്ടും ഉൾപ്പെടെ ഹാജരാക്കണം. എന്നിട്ടും ലൈസൻസ് പുതുക്കാൻ കഴിയുന്നില്ല.

-ജോസഫ് ജോൺ,​ കർഷകൻ

കഴിഞ്ഞ വർഷം : 30 ലക്ഷം രൂപയുടെ കൃഷിനാശം

കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണത

അതാത് പ്രദേശങ്ങളിൽ പരിചിതമായവർ ഇറങ്ങിയാലെ കാട്ടുപന്നിയെ കണ്ടെത്താനാകൂ

കർഷകർക്കുണ്ടാകുന്ന കൃഷി നാശത്തിന് ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരം