ഓണ വിപണി ലക്ഷ്യമിട്ട് ലോൺ മാഫിയാ സംഘങ്ങൾ

Tuesday 12 August 2025 1:39 AM IST

പാറശാല: കാണം വിറ്റും ഓണം ഉണ്ണണം എന്നതാണല്ലോ മലയാളികൾക്കിടയിലെ വിശ്വാസം. സംഭരിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും ഓണത്തോടൊപ്പമെത്തുന്ന ഓഫറുകളിലൂടെ കച്ചവകടക്കാരുടെ കൈകളിൽ ഏത്താറുമുണ്ട്. അതുകൊണ്ട് ഇതിനായി പണം കടം കൊടുക്കാനും ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ രംഗത്തുവരുന്നത് പതിവാണ്. എന്നാൽ അതോടൊപ്പം മൊബൈൽ ഫോണുകളിലെത്തുന്ന സന്ദേശങ്ങളിലൂടെയും തുടർന്ന് നേരിട്ടും രംഗത്തെത്തുന്ന മാഫിയാസംഘങ്ങൾ വീടുകൾതോറും കയറിയിറങ്ങി ചുരുങ്ങിയ വ്യവസ്ഥകളിലൂടെ സാധാരണക്കാരെ വലയിലാക്കുന്നുണ്ട്.

പണം നൽകിയ ശേഷം മുന്തിയ പലിശ ഈടാക്കുന്ന ഇത്തരം സംഘങ്ങൾ തിരിച്ചടവ് മുടങ്ങിയാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഭീഷണിപ്പെടുത്തുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന് പറയുന്നതും പതിവാണ്. സംഘത്തിന്റെ ഭീഷണിക്കും മറ്റ് പ്രവർത്തനങ്ങൾക്കുമെതിരെ പരാതിപ്പെട്ടാലും പൊലീസ് വേണ്ടത്ര അന്വേഷണം നടത്താനോ മറ്റ് നടപടികൾ സ്വീകരിക്കാനോ തയാറാകില്ലെന്നാണ് പറയുന്നത്.

നടപടിയെടുക്കുന്നില്ലെന്ന്

ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം കടമെടുത്തതിനെ തുടർന്ന് തവണ മുടങ്ങിയ കാരണത്താൽ വീട്ടിലും ജോലിസ്ഥാപനത്തിലുമെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഒരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതോടെ മാഫിയാസംഘം സ്ഥലംവിട്ടതായിരുന്നു. ചില മാഫിയാ സംഘങ്ങൾ ചേർന്ന് നടത്തുന്ന ലോൺ വിതരണം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മറ്റൊരു ഉപാധിയായി തുടർന്നുവരുന്നുണ്ടെങ്കിലും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ലെന്നത് പൊതുവെയുള്ള പരാതിയാണ്.

മാഫിയാസംഘങ്ങൾ

തലപൊക്കുന്നു

വ്യാജ പണമിടപാടുകാരെയും മാഫിയാസംഘങ്ങളെയും നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ സർക്കാർ തുടർന്നുവന്ന ഓപ്പറേഷൻ കുബേര മരവിപ്പിച്ചതോടെ വീടും വസ്തുക്കളും പതിച്ചുവാങ്ങിയ ശേഷം പണം നൽകി മുന്തിയ പലിശക്ക് പണം കടം കൊടുക്കുന്ന മാഫിയാസംഘങ്ങൾ ഇപ്പോൾ പലയിടത്തും സജീവമായിട്ടുണ്ട്. പണവും പലിശയും തിരികെ നൽകിയിട്ടും മാഫിയാസംഘം സ്വന്തം പേരിലേക്ക് മാറ്റി കരം അടച്ചതിനെ തുടർന്ന് തിരികെ പതിച്ച് നൽകാത്ത സംഭവങ്ങളുമുണ്ട്.

പാറശാല,ഇടിച്ചക്കപ്ലാമൂട്,പൊഴിയൂർ,പൂവാർ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളി മേഖലയിലെ നിരവധിപേരും മാഫിയാസംഘങ്ങളുടെ പിടിയിലകപ്പെട്ടിട്ടുണ്ട്.