കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു; ആരോഗ്യമേഖലയിലെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
കണ്ണൂർ:കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഇടതുസർക്കാർ നടപ്പിലാക്കിയ പദ്ധതികളും സൗകര്യങ്ങളും എടുത്തുപറഞ്ഞു. ആരോഗ്യമേഖലയെ സംബന്ധിച്ച് സമീപകാലത്ത് ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി മുഖ്യമന്ത്രിയുടെ പ്രസംഗം.
ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികൾ, ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന 78 പദ്ധതികൾക്കായി 5,700 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3,200 കോടി രൂപയുടെ 17 പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. ഇതിനുംപുറമെ നബാർഡ് ധനസഹായം വഴി 31 ആശുപത്രികൾക്കായി 450 കോടി രൂപ നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,498.5 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് സർക്കാർ ചെലവിട്ടത്. പൊതുജനങ്ങൾക്ക് സൗജന്യ മരുന്ന് നൽകാൻ മെഡിക്കൽ സർവീസസ് കോർപറേഷനിലൂടെ മാത്രം 3,300 കോടിയോളം രൂപ സംസ്ഥാനം ചെലവിട്ടു . 42.5 ലക്ഷം കുടുംബങ്ങളാണ് സൗജന്യ ചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായ നിലപാട് എടുത്തതിന്റെ പരിണിത ഫലമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്‌നകുമാരി, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എൻ.വി ശ്രീജിനി, യു.പി ഉഷ, വി.കെ.സുരേഷ് ബാബു, ടി.സരള, മെമ്പർ തോമസ് വക്കത്താനം, കണ്ണൂർ കന്റോൺമെന്റ് സിഇഒ മാധവി ഭാർഗവ, ഡിഎംഒ ഡോ.എം.പിയുഷ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ബി.എസ്.എൻ.എൽ എക്‌സിക്യൂട്ടീവ് എൻജിനീയർ ശ്രീരാമകൃഷ്ണൻ, മുൻ എം.പി കെ.കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.
'ആരോഗ്യമേഖലയെ താറടിക്കാൻ കഥകൾ മെനയുന്നു"
കേരളത്തിന്റെ മികവാർന്ന ആരോഗ്യരംഗത്തെ താറടിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ടെന്നും സമീപകാലവിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനുപുറകെ ഒന്നായി കഥകൾ മെനയുന്നത് അതിന്റെ ഭാഗമാണ്. കേരളത്തിലെ ആരോഗ്യരംഗം ഒന്നുമല്ല എന്ന് സമർത്ഥിക്കലാണ് ഇതിന് പിന്നിൽ. ഇത് നാം മനസ്സിൽ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും മികച്ച സൗകര്യങ്ങളോടെ സർക്കാർ ആശുപത്രികൾ നിൽക്കുന്നു. പുതിയ സൗകര്യങ്ങൾ വന്നതോടുകൂടി സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.