ഷാജി പാപ്പന്റെ ജീവിതം തകർത്ത മേരി ആട് 3 ൽ

Tuesday 12 August 2025 6:09 AM IST

ഷാജി പാപ്പന്റെ ജീവിതം തകർത്ത് ഡ്രൈവർ പൊന്നപ്പനൊപ്പം ഒളിച്ചോടിയ മേരിയെ ആട് 3 ലും കാണാം. ആട് 3 യുടെ പാലക്കാടെ ലൊക്കേഷനിൽ സ്രിന്ധ ജോയിൻ ചെയ്തു. ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 ൽ അതിഥി വേഷത്തിൽ എത്തി സ്രിന്ധ പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ താരം ആണ് സ്രിന്ധ. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. 1983യിൽ സച്ചിനെ അറിയാത്ത ഹിന്ദി സിനിമകൾ കാണാത്ത സുശീലയെ അവതരിപ്പിച്ചതോടെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചു. വർഷങ്ങൾ എത്ര കഴിഞ്ഞാലും കഥാപാത്രങ്ങളിലൂടെ തന്നെ ഓർക്കണമെന്ന ആഗ്രഹമാണ് സ്രിന്ധയ്ക്ക്.

അന്നയും റസൂലും , മംഗ്ളീഷ്, ടമാർ പഡാർ, ലോഹം, ടു കൺട്രീസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ട്രാൻസ്. ഇരട്ട, ബോഗയ്‌ൻ വില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കമ്മട്ടിപ്പാടത്തിൽ ഷോൺ റോമിയും തൊണ്ടി മുതലും ദൃക്സാക്ഷിയിൽ നിമിഷ സജയനും സൗദി വെള്ളക്കയിൽ ധന്യ അനന്യയും സ്രിന്ധയുടെ ശബ്ദത്തിലാണ് സംസാരിച്ചത്. ഉടുമ്പൻചോല വിഷൻ ആണ് സ്രിന്ധയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.