കണ്ണൂരിൽ ഒഴിയാതെ ഗതാഗത കുരുക്ക് ഓണവും കുരുക്കിലാകും
കണ്ണൂർ : നഗരത്തിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. രാവിലെയും വൈകിട്ടും വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങുന്ന സമയത്ത് രൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. ചെറുതും വലുതുമായ വാഹനങ്ങളും കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകളും കുരുക്കിൽപ്പെട്ട് വഴിയിൽ കിടക്കുന്നത് പതിവാണ്. മേലെ ചൊവ്വയിൽ ഓവർ ബ്രിഡ്ജ് പ്രവൃത്തി തുടങ്ങിയതും മഴ മാറിയപ്പോൾ നടത്തുന്ന റോഡിലെ കുഴിയടക്കുന്നതും റോഡരികിലെ അനധികൃത പാർക്കിംഗുമെല്ലാം നഗരത്തിൽ ഗതാഗത കുരുക്കിന് വഴിവെക്കുകയാണ്.
രാവിലെ പത്തിനും പതിനൊന്നുമിടയിലും വൈകീട്ട് ആറോടെയുമാണ് കുരുക്ക് രൂക്ഷമാകുന്നത്.ഈ സമയങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് പൊലീസിന്റെയും ഹോം ഗാർഡിന്റെയും സാന്നിദ്ധ്യമുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽപിലാത്തറ കെ.എസ്.ടി.പി റോഡ് അറ്റകുറ്റപണി നടക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടതും ഗതാഗത കുരുക്ക് രൂക്ഷാമാക്കാനിടയായി. നിലവിൽ വളപട്ടണം ,പുതിയതെരു, പൊടിക്കുണ്ട്, പള്ളിക്കുന്ന്,കാൽടെക്സ്, പടന്നപ്പാലം,താഴെച്ചൊവ്വ,മേലേച്ചൊവ്വ എന്നിവിടങ്ങിലെല്ലാം ഗതാഗതകുരുക്ക് രൂക്ഷമാണ്.
വളപട്ടണത്തെ രൂക്ഷമായ ഗതാഗത കുരുക്കിനെ തുടന്ന് അധികൃതർ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണവും പൂർണ്ണമായും ഫലം കാണുന്നില്ല.മാസങ്ങൾ പിന്നിടുമ്പോഴേക്കും വീണ്ടും പഴയപടി മണിക്കൂറുകൾ ഗതാഗതകരുക്ക് അനുഭവപ്പെടുകയാണ്.രാവിലെയും വൈകീട്ടും പാലം കടന്നു കിട്ടാൻ ഏറെ നേര കാത്തിരിക്കേണ്ട സ്ഥിതിയാണ്.
പാപ്പിനിശ്ശേരി ചുങ്കം മുതൽ വളപട്ടണം കളരിവാതുക്കൽ റോഡ് വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ്. പാലത്തിലും ദേശീയപാതയിലും വിവിധയിടങ്ങളിലായി റോഡ് തകർന്നു കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.അതിനാൽ വാഹനങ്ങൾക്ക് വേഗം കടന്നുപോകാൻ സാധിക്കാത്തതും കുരുക്കിനിടയാക്കുന്നുവെന്നാണ് ആക്ഷേപം.
തെക്കീ ബസാറിൽ കുരുക്ക് കുറഞ്ഞു
ഇതിനിടെ തെക്കീ ബസാറിലും ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുകയുണ്ടായി.കാൽടെക്സ് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തെക്കീ ബസാർ ജംഗ്ഷനിൽ നിന്നും കക്കാട് റോഡിലേക്ക് കയറുന്നത് ഒഴിവാക്കി ഏതാനും ദൂരം മുന്നോട്ടുപോയി വലതു വശത്തെ റോഡിലൂടെ കക്കാട് റോഡിലേക്ക് പ്രവേശിക്കും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ഈ ക്രമീകരണം തെക്കീ ബസാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.എന്നാൽ വീതി കുറഞ്ഞ കക്കാട് റോഡിലേക്ക് വലിയ വാഹനങ്ങൾ തിരിക്കേണ്ടി വരുന്നത് ദേശീയപാതയിൽ കുരുക്കിന് കാരണമാകുകയാണ്.
വേണം അധികൃതരുടെ ഇടപെടൽ
ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാകാൻ സാദ്ധ്യതയേറെയാണ്. അനധികൃത പാർക്കിംഗ് ഉൾപ്പെടെ ശ്രദ്ധിക്കാത്തതും കുരുക്കിന് കാരണമാകുന്നുണ്ട്.നഗരത്തിൽ തോന്നിയ ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവരുണ്ട്.
മിക്ക ദിവസങ്ങളിലും ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സാന്നിദ്ധ്യമില്ലാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.