പ്രതിപക്ഷ ബഹളം: ചർച്ചയില്ലാതെ പാസായത് ആറു ബില്ലുകൾ

Tuesday 12 August 2025 12:00 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനത്തിന്റെ പേരിൽ പ്രതിപക്ഷ എംപിമാർ അറസ്റ്റിലായ തക്കം നോക്കി പാർലമെന്റിന്റെ ഇരുസഭകളിലുമായി ആറു ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി. ആദായ നികുതി ഭേദഗതി ബിൽ, നികുതി ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ബിൽ എന്നീ പ്രധാന ബില്ലുകളും ഇവയിൽ ഉൾപ്പെടും.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഉച്ചയ്‌ക്ക് രണ്ടുമണി വരെ ലോക്‌സഭ പിരിഞ്ഞിരുന്നു. രണ്ടുമണിക്ക് ചേർന്നപ്പോൾ അറസ്റ്റു വരിച്ച പ്രതിപക്ഷ നേതാക്കൾ തിരിച്ചെത്തിയിരുന്നില്ല. ഈ സമയത്താണ് നിർണായക വ്യവസ്ഥകളുള്ള ബിൽ പരിഗണിച്ചത്. അമിത് ഷായുടെ മകൻ ജയ് ഷാ അദ്ധ്യക്ഷനായ ബി.സി.സി.ഐയെ സർക്കാർ നിയന്ത്രണത്തിൽ നിന്നൊഴിവാക്കാനുള്ള ഭേദഗതികൾ അടക്കം വോട്ടിടുന്നത് അറിഞ്ഞ് പ്രതിപക്ഷാംഗങ്ങൾ പാഞ്ഞെത്തിയെങ്കിലും ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ ശബ്‌ദവോട്ടോടെ പാസാക്കി.

സെലക്‌ട് കമ്മിറ്റി ശുപാർശകൾ അടങ്ങിയ ബിൽ ആദായ നികുതി ഭേദഗതി ബില്ലും നികുതി നിയമ ഭേദഗതി ബില്ലും ബഹളത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചു. ഫെബ്രുവരിയിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ആദായ നികുതി ബിൽ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഏകീകൃത പെൻഷൻ പദ്ധതി അംഗങ്ങൾക്ക് നികുതി ഇളവുകൾ നൽകാനുള്ളതാണ് നികുതി നിയമ ഭേദഗതി ബിൽ. ബഹളത്തിൽ പിരിഞ്ഞ സഭ വൈകിട്ട് നാലുമണിക്ക് ചേർന്നപ്പോൾ രണ്ടു ബില്ലുകളും ചർച്ചയില്ലാതെ പാസാക്കി.

രാജ്യസഭയിൽ മർച്ചന്റ് ഷിപ്പിംഗ് ബില്ലും ഗോവ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികവർഗ പ്രാതിനിധ്യ പുനഃക്രമീകരണ ബില്ലും പാസാക്കിയതും സമാന മാതൃകയിൽ. രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിലെ ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കി ലോക്‌സഭയിലേക്ക് തിരിച്ചയച്ചു.

രണ്ടുമണിക്ക് രാജ്യസഭ ചേർന്നപ്പോൾ എം‌.പിമാരുടെ മാർച്ച് പൊലീസ് തടഞ്ഞ വിഷയം പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ഉന്നയിച്ചു. ബില്ലിൻമേലുള്ള ചർച്ചയ്‌ക്കിടെ വിഷയം അപ്രസക്തമാണെന്ന് സഭാനേതാവ് ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി. ഖാർഗെയുടെ വാക്കുകൾ രേഖയിൽ ഉൾപ്പെടുത്തേണ്ടെന്ന് റൂളിംഗ് നൽകി.