ഇലക്ഷൻ കമ്മിഷൻ ആസ്ഥാന മാർച്ചിൽ സംഘർഷം, പ്രതിപക്ഷ എം.പിമാർ  ആർത്തിരമ്പി

Tuesday 12 August 2025 12:00 AM IST

രാഹുൽ അടക്കം 200 എം.പിമാർ അറസ്റ്രിൽ

വോട്ടുകൊള്ളയിൽ കമ്മിഷന് മൗനം മാത്രം  2 വനിത എംപിമാർ കുഴഞ്ഞുവീണു

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ടു മോഷണ വിഷയത്തിൽ ഒറ്റക്കെട്ടായി പ്രതിപക്ഷ കക്ഷികൾ. ഇന്ത്യ മുന്നണിയുടെ ഭാഗമല്ലാത്ത പ്രതിപക്ഷ കക്ഷികളും രാഹുൽഗാന്ധി നയിച്ച പ്രതിഷേധ മാർച്ചിൽ അണിനിരന്നു.

അതേസമയം, ഇലക്ഷൻ കമ്മിഷൻ മൗനം തുടരുകയാണ്.

പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് നൂറു മീറ്റർ പിന്നിട്ടപ്പോൾത്തന്നെ പൊലീസ് തടഞ്ഞു. ഒരു കിലോമീറ്റർ അകലെയുള്ള കമ്മിഷൻ ഓഫീസിലേക്ക് 30 എം.പിമാരെ കടത്തിവിടാമെന്ന് അറിയിച്ചു.

ഒന്നിച്ചുകാണണമെന്ന് വാദിച്ച എം.പിമാർ ബാരിക്കേഡിനു മുന്നിൽ കുത്തിയിരുന്നു. 'കേന്ദ്ര സർക്കാർ-തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളി' മുദ്രാവാക്യങ്ങൾ മുഴക്കി. പൊലീസുമായി ഉന്തും തള്ളുമായി. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബാരിക്കേഡിനു മുകളിലൂടെ ചാടിയിറങ്ങി. കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ് അടക്കമുള്ളവരും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂലിന്റെ വനിത എം.പിമാരായ മഹുവ മൊയ്‌ത്ര, മിതാലി ബാഗ് എന്നിവരെ വനിതാപൊലീസ് ബലംപ്രയോഗിച്ച് വലിച്ചിറക്കി. ഇരുവർക്കും ദേഹസ്വാസ്ഥ്യമുണ്ടായി.

ബോധരഹിതയായ മിതാലിബാഗിനെ വനിത എം.പിമാർ വാഹനത്തിലേക്ക് മാറ്റി. രാഹുൽ ഗാന്ധി അടക്കം എത്തി വെള്ളവും മരുന്നും നൽകി. രാഹുൽ ഗാന്ധിയുടെ വാഹനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു.

രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, സഞ്ജയ് റാവത്ത് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത് ബസിൽ പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേരളത്തിൽ നിന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് എം പിമാരെല്ലാം അറസ്റ്റു വരിച്ചു.

രാവിലെ പതിനൊന്നുമണിക്ക് പാർലമെന്റ് ചേർന്നപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. സഭ നിറുത്തിവച്ചതോടെ, 11.30ന് പാർലമെന്റിന്റെ മകർദ്വാർ കവാടത്തിൽ ഒത്തു ചേർന്ന ശേഷമായിരുന്നു മാർച്ച്.തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകലായിരുന്നു ലക്ഷ്യം.

``ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. രാഷ്‌ട്രീയമില്ല. അവർക്ക് സംസാരിക്കാൻ കഴിയാത്തതുകൊണ്ടാണ് തടഞ്ഞത്. സത്യം രാജ്യം കാണുന്നു. ക്രമക്കേടില്ലാത്ത വോട്ടർ പട്ടികയാണ് ആവശ്യം.``

-രാഹുൽ ഗാന്ധി

കർണാടക മന്ത്രി രാജിവച്ചു

വോട്ടർ പട്ടികയിൽ ഇത്രത്തോളം ക്രമക്കേട് നടന്നിട്ടും യഥാസമയം അത് തിരിച്ചറിയാതെ പോയത് സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ വീഴ്ചയാണെന്ന് വിമർശിച്ച കർണാക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവച്ചു.

പരാമർശം വിവാദമായതോടെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ രാജണ്ണ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജിക്കത്ത് നൽകുകയായിരുന്നു.

`` നമ്മുടെ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോഴാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്. അന്ന് ക്രമക്കേട് ശ്രദ്ധിച്ചില്ല.എല്ലാവരും കണ്ണടച്ചു മിണ്ടാതിരുന്നു. കൃത്യസമയത്ത് പ്രതികരിക്കേണ്ടത് നേതാക്കളുടെ കടമയാണ്. എതിർപ്പ് അറിയിക്കേണ്ടതായിരുന്നു. അന്ന് മിണ്ടാതിരുന്നിട്ട് ഇപ്പോൾ സംസാരിക്കുകയാണ്.``- ഇതായിരുന്നു വിമർശനത്തിന്റെ കാതൽ.