നന്ദിയോട് കുറുങ്ങണം നിവാസികൾ പട്ടയത്തിനായി അലയുന്നു

Tuesday 12 August 2025 1:27 AM IST

പാലോട്: നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികൾ 82 വർഷമായി പട്ടയത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. താമസിക്കുന്ന മണ്ണിന് പട്ടയമോ കൈവശരേഖയോ ഇല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളൊന്നും ലഭിക്കാറുമില്ല.

ചോർന്നൊലിച്ച് നിലംപതിക്കാറായ വീടുകളിലാണ് പലരുടെയും താമസം.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടിയന്തരമായി പട്ടയം നൽകുമെന്നുള്ള വാഗ്ദാനം എല്ലാ രാഷ്ട്രീയക്കാരും നൽകിയിരുന്നെങ്കിലും നടപ്പാക്കിയില്ല. വസ്തുവിന്റെ മൂന്ന് ഭാഗവും റവന്യൂ വസ്തുവെങ്കിലും ഒരു ഭാഗം വനത്തോട് ചേർന്ന ഭാഗമായതിനാൽ ഇവിടെത്തന്നെ 9 കുടുംബങ്ങൾക്ക് കൈവശാവകാശം ലഭിക്കുന്നത് അസാദ്ധ്യമാണ്.

നിവേദനം നൽകി

113 എന്ന സർവ്വേ നമ്പർ ഉൾപ്പെടെയുള്ള ഭാഗം വനഭൂമി ആയതിനാൽ ഭൂമി പതിച്ചു നൽകുന്നതിനുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. പ്രധാനമന്ത്രിക്കും, കേന്ദ്രമന്ത്രിമാർക്കും, എം.പിമാർക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.

നടപടി സ്വീകരിക്കണം

മിക്ക വീടുകളിലും ടോയ്‌ലെറ്റുകളില്ല. അനേകം വീടുകൾക്ക് ഒരു കിണർ മാത്രമുള്ളത് ജലലഭ്യതയെയും സാരമായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി സ്വന്തം പേരിൽ ഭൂമി ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കുട്ടികളുടെ വിദ്യാഭ്യാസം

പ്രതിസന്ധിയിൽ

മൂന്നു ഹെക്ടർ സ്ഥലത്ത് മുപ്പത് കുടുംബങ്ങളിലെ 600 ലധികം ആൾക്കാരാണ് 80വർഷമായി താമസിക്കുന്നത്. ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ബാങ്കുകളിൽ നിന്നും വായ്പ എടുക്കാനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. ഇതോടെ കുട്ടികളുടെ വിദ്യാഭ്യാസമടക്കം പ്രതിസന്ധിയിലാണ്. ഇവർ താമസിക്കുന്ന ഭൂമി തെന്നൂർ വില്ലേജിലാണെങ്കിലും ആധാർ കാർഡുകളിൽ കാണിച്ചിരിക്കുന്നത് കുറുപുഴ വില്ലേജ് എന്നാണ്. നന്ദിയോട്, പെരിങ്ങമ്മല, തൊളിക്കോട്, വിതുര പഞ്ചായത്തുകളിലെ 236 കുടുംബങ്ങൾക്ക് 1985ൽ കൈവശാവകാശരേഖ സർക്കാർ നൽകിയെങ്കിലും പട്ടയം നൽകിയിട്ടില്ല.

പട്ടയമേളയിലും അവഗണന

കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകാത്തതിനാൽ ഇവരനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് റവന്യൂ മന്ത്രി ഇടപെട്ട് കുറുങ്ങണം പ്രദേശത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസീൽദാർക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിക്ക് തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ 01-01-1977ന് മുൻപ് വനഭൂമി കൈവശം വച്ചുവരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനംറവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും കൈവശ സ്ഥലത്തിന്റെ ജി.പി.എസ് കോ-ഓർഡിനേറ്റ്സ് എടുക്കുന്ന നടപടികൾ പൂർത്തിയായതായും അറിയിച്ചു. വൈകാതെ പട്ടയം നൽകുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും റവന്യൂവകുപ്പ് അധികാരികൾ അറിയിച്ചെങ്കിലും എല്ലാ പട്ടയമേളകളിലും അവഗണിക്കുകയായിരുന്നു.