മോർച്ചറി തുറന്ന് യുവതിയുടെ മൃതദേഹം കാണിച്ച സംഭവം : മൂന്നംഗ സമിതി അന്വേഷിക്കും

Tuesday 12 August 2025 1:33 AM IST

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കരുപ്പൂര് സ്വദേശിയായ യുവതിയുടെ മൃതദേഹം സുരക്ഷാ ജീവനക്കാരൻ ഫ്രീസർ തുറന്ന് കാന്റീൻ നടത്തുന്നയാളെയും ചില ബന്ധുക്കളെയും കാണിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ഡെപ്യൂട്ടി സൂപ്രണ്ട്,നഴ്‌സിംഗ് സൂപ്രണ്ട്,ലേ സെക്രട്ടറി എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്.

10 ദിവസത്തിനകം റിപ്പോർട്ട് കൈമാറാൻ ഡി.എം.ഒ നിർദ്ദേശിച്ചു. സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റിനിറുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നാലുമാസം ഗർഭിണിയായ 28കാരി കഴിഞ്ഞ ശനിയാഴ്ചയാണ് ഭർതൃഗൃഹത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനാണ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയത്.