ജലഗതാഗതവകുപ്പിൽ സ്പെഷ്യൽ റൂൾസ് ഭേദഗതി വൈകുന്നു
ആലപ്പുഴ: ജലഗതാഗതവകുപ്പിലെ സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതിക്ക് അംഗീകാരം വൈകുന്നത് സ്ഥാനക്കയറ്റത്തിനും നിയമനങ്ങൾക്കും തടസമാകുന്നു. 1975ലെ നിയമപ്രകാരമാണ് ജലഗതാഗത വകുപ്പിലെ ബോട്ട് ഓപ്പറേറ്റിംഗ്, ഡോക്ക് ആന്റ് റിപ്പയറിംഗ് വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ. 2007ൽ സ്പെഷ്യൽ റൂൾ പ്രകാരം ഭേദഗതി ചെയ്തു. 18വർഷത്തിന് ശേഷം നിയമവകുപ്പും പി.എസ്.സിയും സ്പെഷ്യൽ റൂൾ ഭേദഗതിക്ക് അഞ്ചുമാസം മുമ്പ് അംഗീകാരം നൽകിയെങ്കിലും ഗതാഗതവകുപ്പിന്റെ അംഗീകാരം വൈകുന്നതാണ് പ്രശ്‌നത്തിന് കാരണം.
ഇതേത്തുടർന്ന് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഓപ്പറേറ്റിംഗ്, ഡോക്ക് ആന്റ് മെയിന്റനൻസ് വിഭാഗം ജീവനക്കാർ പ്രവേശന തസ്തികയിൽ തന്നെ വിരമിക്കേണ്ട സ്ഥിതിയാണ് ജലഗതാഗത വകുപ്പിലുള്ളത്. ഇതിനെതിരെ ജീവനക്കാർ നിരവധി സമരങ്ങൾ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ആഗസ്റ്റ് 31 വരെ സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ അദാലത്തിനെ സമീപിക്കാനാണ് ജീവനക്കാരുടെ അടുത്ത നീക്കം.
സ്ഥാനക്കയറ്റത്തിന് തടസം
1. ഭേദഗതി നടപ്പായാൽ ബോട്ട് മാസ്റ്റർ, സ്രാങ്ക് തസ്തികകളിലുള്ള 6 ഓളം പേർക്ക് ബോട്ട് മാസ്റ്റർമാരായി സ്ഥാനക്കയറ്റമുണ്ടാകും .ലാസ്കർമാർക്കും സ്ഥാനക്കയറ്റം ലഭിക്കും
2. ഭേദഗതിയുമായി ബന്ധപ്പെട്ട ഫയൽ മന്ത്രിയുടെ പരിഗണനയിലാണെന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം
3.മന്ത്രി ഒപ്പുവച്ചശേഷം നിയമസഭാസബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാലേ സ്പെഷ്യൽ റൂൾസ് ഭേദഗതി നടപ്പിലാകൂ
ജീവനക്കാർ
ഓപ്പറേറ്റിംഗ് വിഭാഗം: 1050
ഡോക്ക് ആന്റ് റിപ്പയറിംഗ്: 150
ജല ഗതാഗത വകുപ്പ് സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ ഭാവിയാണ് സ്പെഷ്യൽ റൂൾ ഭേദഗതിയിലുള്ളത്. പി.എസ്.സി അംഗീകരിച്ച സാഹചര്യത്തിൽ സ്പെഷ്യൽ റൂൾ ഭേദഗതി ഉടൻ നടപ്പിലാക്കണം. നൂറിൽ പരം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
-ആദർശ് സി.ടി, സംസ്ഥാന ജനറൽ സെക്രട്ടറി, സ്രാങ്ക് അസോ.