സുമതി വളവിന് വെളിച്ചമാകുന്നു ക്യാമറകളും മിഴി തുറക്കും

Tuesday 12 August 2025 1:43 AM IST

പാലോട്: നാടിനെയാകെ ഭയപ്പെടുത്തുന്ന സുമതിവളവിന് ശാപമോക്ഷമാകുന്നു. സാമൂഹ്യ വിരുദ്ധരുടേയും ലഹരി മാഫിയയുടേയും കേന്ദ്രമായ സുമതിവളവിലും പരിസര പ്രദേശങ്ങളിലും ക്യാമറകളും സ്ട്രീറ്റ് ലൈറ്റും പ്രവർത്തനസജ്ജമാകും.

പാങ്ങോട് പഞ്ചായത്തിൽ നിന്നും 15,40000രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പാലോട് സബ് സ്റ്റേഷൻ മുതൽ മൈലമൂട് പാലം വരെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടായ നാലര ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറയൂണിറ്റുകളുടെ ഉദ്ഘാടനം 13ന് നടക്കുമെന്ന് പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ഷാഫി അറിയിച്ചു.ഇതോടെ പാലോട് മുതൽ മൈലമൂട് വരെയുള്ള പ്രദേശങ്ങൾ പ്രകാശപൂരിതമാകും.

നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ രണ്ടു പഞ്ചായത്തുകളും അവഗണിച്ച പ്രദേശമായിരുന്നു ഇവിടം. മൃഗസംരക്ഷണവകുപ്പിന്റെ മികച്ച വാക്സിൻ ഉത്പാദന കേന്ദ്രവും, ഓയിൽ പാം റിസുർച്ച് സെന്ററും പ്രവർത്തിക്കുന്ന മേഖലയാണിവിടം. കൂടുതൽ മാലിന്യം തള്ളുന്ന പ്രദേശവുമായതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഏറെയാണ്.

കെട്ടുകഥയുടെ മറവിൽ

ലഹരി വില്പന

സന്ധ്യയായാൽ അതിശക്തമായി മഞ്ഞ് മൂടുന്ന പ്രദേശമാകയാൽ പരിശോധനകൾ ഉണ്ടാകാറില്ലായിരുന്നില്ല. ഇതിനാൽ സുമതി എന്ന യക്ഷിയുടെ കെട്ടുകഥയുടെ മറവിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് ഇരുചക്രവാഹന യാത്രക്കാരുൾപ്പെടുയുള്ളവരെ ഭീതിപ്പെടുത്തി ലഹരി ഉത്പന്നങ്ങളുടെ വില്പന കേന്ദ്രമാക്കി മാറ്റിയിരുന്നു ഇവിടം.