ബീഹാർ നദിയുടെ പേരിൽ എം.പി ഫ്ളാറ്റ്; രാഷ്‌ട്രീയമില്ലെന്ന് മോദി

Tuesday 12 August 2025 12:17 AM IST

ന്യൂഡൽഹി: എം.പിമാർക്കായി ന്യൂഡൽഹി ബാബ ഖരക് സിംഗ് മാർഗിൽ നിർമ്മിച്ച പുതിയ ഫ്ളാറ്റിന് ബീഹാറിലെ കോസി നദിയുടെ പേരു നൽകിയതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 180 എം.പിമാർക്കുള്ള നാല് ബഹുനില ഫ്ലാറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ടൈപ്പ് 4 വിഭാഗത്തിലെ ഫ്ളാറ്റുകൾക്ക് കർണാടകയിലെ കൃഷ്ണ, ഗോദാവരി, ഹൂഗ്ലി നദികളുടെയും ബിഹാറിലെ കോസി നദിയുടെയും പേരാണ് നൽകിയത്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിലർക്ക് ഇതു അസ്വസ്ഥത തോന്നാനിടയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ അതിനെ ഒരു നദിയായി കാണില്ല, മറിച്ച് ബീഹാർ തിരഞ്ഞെടുപ്പിന്റെ കണ്ണിലൂടെയാകും നോക്കുക-മോദി പരിഹസിച്ചു.

2014 മുതൽ എൻ.ഡി.എ സർക്കാർ ഡൽഹിയിൽ എം.പിമാരുടെ താമസസൗകര്യം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുകയാണെന്ന് മോദി പറഞ്ഞു. പുതിയ വസതികളിൽ എം.പിമാർക്ക് ഒരു പ്രശ്‌നവുമുണ്ടാവില്ല. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. 2014 മുതൽ 350 എം.പി ഫ്ളാറ്റുകൾ നിർമ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ഫ്ളാറ്റ് പരിസരത്ത് കുങ്കുമ തൈ നട്ടു. നിർമ്മാണ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ഭവന, നഗരകാര്യ, വൈദ്യുതി മന്ത്രി മനോഹർ ലാൽ, കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.