'ഇന്ത്യ' നേതാക്കൾക്ക് വിരുന്ന് നൽകി ഖാർഗെ

Tuesday 12 August 2025 12:20 AM IST

ന്യൂഡൽഹി: 'ഇന്ത്യ' മുന്നണി എംപിമാർക്കും നേതാക്കൾക്കും അത്താഴ വിരുന്നൊരുക്കി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരായ കൂട്ടായ പ്രതിഷേധത്തിനിടെയാണ് വിരുന്ന്. കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മാത്രമായി വിരുന്ന് നൽകിയിരുന്നു. അതിൽ പങ്കെടുക്കാത്തവരെയും ഇന്നലത്തെ വിരുന്നിൽ ക്ഷണിച്ചിരുന്നു.

വിരുന്ന് മാത്രമാണ് നടന്നതെന്നും യോഗമോ, ചർച്ചയോ ഉണ്ടായില്ലെന്നും പങ്കെടുത്ത നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ദുർബലമായ 'ഇന്ത്യ' മുന്നണിയെ കേന്ദ്രസർക്കാരിനെതിരെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പാർലമെന്റിന്റെ ഇരു സഭകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടായ്‌മ പ്രകടമായിരുന്നു.