ഭര്‍ത്താവും മകളുമുണ്ട് പക്ഷേ കാമുകനൊപ്പം പോകണം, യുവതി ചെയ്തത്

Monday 11 August 2025 11:22 PM IST

അഗര്‍ത്തല: ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകാന്‍ യുവതി ചെയ്തത് കൊടും ക്രൂരത. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് കാമുകനൊപ്പം ഒളിച്ചോടാന്‍ അഞ്ച് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച്‌കൊലപ്പെടുത്തുകയായിരുന്നു സുചിത്ര എന്ന യുവതി. ത്രിപുരയിലെ സെപാഹിജാല ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് അമിത് റബ്ബര്‍ തോട്ടത്തില്‍ ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. അയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ വേണ്ടിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍, കുഞ്ഞിനെ കൊന്ന് മറ്റൊരു പുരുഷനുമായി ഒളിച്ചോടാന്‍ ആഗ്രഹിച്ചിരുന്നതായി യുവതി മൊഴി നല്‍കി. പൊലീസ് സംഘം വീട്ടിലെത്തിയപ്പോള്‍, കുട്ടി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. അമ്മയെ കാണാനില്ലെന്നും കണ്ടെത്തി.

പൊലീസ് സംഘം കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുചിത്രയെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് സോണാമുര പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് തപസ് ദാസ് പറഞ്ഞു.