രൂക്ഷവിമർശനവുമായി സുപ്രീംകോടതി: പേ ബാധയേറ്റ് മരിച്ചവരെ മൃഗ സ്നേഹികൾ തിരിച്ചുതരുമോ?

Tuesday 12 August 2025 12:00 AM IST

ന്യൂഡൽഹി :പേവിഷ ബാധയേറ്റ് മരിച്ചവരെ തിരിച്ചുകൊണ്ടുവരാൻ നായപ്രേമികൾക്ക് കഴിയുമോയെന്ന് സുപ്രീംകോടതി.ഡൽഹിയിലെ തെരുവുനായ പ്രശ്‌നത്തിൽ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി, രാജ്യതലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവുനായകളെ നീക്കാൻ നിർദേശം നൽകി. ഒരു വീഴ്ചയും വരുത്തരുതെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഡൽഹി സർക്കാരും, മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹിയും (എം.സി.ഡി)​,​ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷനും (എൻ.ഡി.എം.സി)​ നടപടിയെടുക്കണം. പ്രത്യേക ദൗത്യസേന രൂപീകരിക്കണം. പ്രത്യേക ഷെൽട്ടറുകൾ തയ്യാറാക്കി അവിടേക്ക് മാറ്റണം. ഏതെങ്കിലും വ്യക്തിയോ,​ സംഘടനയോ തടസവുമായി എത്തിയാൽ കോടതിയലക്ഷ്യം അടക്കം കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ഡോഗ് ഷെൽട്ടറുകൾ നിർമ്മിച്ചതിന്റെ പുരോഗതി എട്ടാഴ്ചയ്‌ക്കകം അറിയിക്കണമെന്ന് സുപ്രീംകോടതി നി‌ർദ്ദേശിച്ചു. വന്ധ്യംകരണം,​ രോഗപ്രതിരോധ കുത്തിവയ്‌പ്പ് എന്നിവയ്‌ക്ക് ഷെൽട്ടറുകളിൽ സൗകര്യം വേണം. ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നും,​ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും ഉത്തരവിട്ടു.

 പൊതുതാത്പര്യം മാത്രം

കോടതിക്ക് വേണ്ടിയല്ല, പൊതുതാത്പര്യം മുൻനിർത്തിയാണ് തങ്ങളുടെ ഇടപെടലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദിവസവും എത്ര തെരുവുനായകളെ പിടികൂടി മാറ്റുന്നുവെന്നതിന് റെക്കാഡുണ്ടാകണം. ഹെൽപ്പ് ലൈൻ തുറക്കണം. പേവിഷ പ്രതിരോധ വാക്‌സിൻ എവിടെയെല്ലാം ലഭ്യമാണെന്ന് അധികൃതർ ജനങ്ങളെ അറിയിക്കണമെന്നും നിർദ്ദേശം നൽകി. ഡൽഹിയിൽ തെരുവുനായ ശല്യവും, പേവിഷ ബാധ മരണങ്ങളും രൂക്ഷമെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.