'മകൾ ആത്മാർത്ഥമായി സ്‌നേഹിച്ചു, അവന്റെ ലക്ഷ്യം മതം മാറ്റമായിന്നു'

Tuesday 12 August 2025 1:41 AM IST

കോതമംഗലം: '' റമീസിനെ എന്റെ മകൾ ആത്മാർത്ഥമായാണ് സ്‌നേഹിച്ചത്. അവന് ഒരാളെ മതം മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം."" കറുകടം ഞാഞ്ഞുൽമലയിൽ ആത്മഹത്യ ചെയ്ത സോന എൽദോസിന്റെ മാതാവ് ബിന്ദുവിന്റെ വാക്കുകൾ ഇടറി. വീട്ടുജോലിയെടുത്ത് പൊന്നുപോലെ വളർത്തിയ മകൾ ഇനിയില്ലെന്ന് ആ അമ്മയ്ക്ക് വിശ്വസിക്കാനായിട്ടില്ല.

റമീസ് അനാശാസ്യക്കേസിൽപ്പെട്ടപ്പോഴും മകൾ കൈവിട്ടില്ല. വിവാഹത്തിന് തങ്ങൾക്കും സമ്മതമായിരുന്നു. മതം മാറുന്നതിനോടും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, അനാശാസ്യത്തിന് പിടിക്കപ്പെട്ടതോടെ മതം മാറാനാവില്ലെന്ന് സോന അവനോട് പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്ത് എവിടെയെങ്കിലും പോയി ജീവിക്കാമെന്ന് അവൾ റമീസിനോട് പറഞ്ഞു. ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് മതം മാറണമെന്ന് നിർബന്ധം പിടിച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് റമീസിന്റെ മാതാവിന് സോന ആത്മഹത്യാക്കുറിപ്പ് അയച്ചിരുന്നുവെന്നും ബിന്ദു പറഞ്ഞു.

ബിന്ദുവിന്റെ ഫോണിലേക്കും ആത്മഹത്യാക്കുറിപ്പ് അയച്ചിരുന്നു. മരിക്കാൻ പോകുന്നുവെന്ന വോയ്‌സ് മെസേജും ഇതിനൊപ്പമുണ്ടായിരുന്നു. പണിസ്ഥലത്തായിരുന്ന ബിന്ദു മകളുടെ സന്ദേശങ്ങൾകണ്ടത് ഉച്ചയ്‌ക്കാണ്. ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തിയപ്പോൾ എല്ലാം കഴിഞ്ഞിരുന്നു.

''റമീസിനെ അറസ്റ്റ് ചെയ്ത് നല്ല ഭക്ഷണവും നൽകി സുഖിച്ച് ജീവിക്കാൻ അനുവദിക്കും. എനിക്ക് നഷ്ടപ്പെട്ടത് പൊന്നുമോളെയാണ്. അവളെ തിരിച്ചുതരാൻ ആർക്കെങ്കിലും കഴിയുമോ...?"" പൊട്ടിക്കരഞ്ഞുകൊണ്ട് ബിന്ദു ചോദിച്ചു.