മുനീറിന്റെ ആണവഭീഷണി: സ്ഥിരം ശൈലിയെന്ന് ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവഭീഷണിയെ അപലപിച്ച് ഇന്ത്യ. ആണവായുധം കാണിച്ചുള്ള ഭീഷണി പാകിസ്ഥാന്റെ സ്ഥിരം ശൈലിയാണെന്നും ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമായ യു.എസിന്റെ മണ്ണിൽ വച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയത് ഖേദകരമാണെന്നും വ്യക്തമാക്കി.
പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു യു.എസ് സന്ദർശനത്തിനിടെ പാക് സൈനിക മേധാവി പറഞ്ഞത്. ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും- മുനീർ യു.എസിൽ ഒരു ചടങ്ങിനിടെ പറഞ്ഞു.
ഇത്തരം നിരുത്തരവാദ പരാമർശങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് അവരുടേതായ നിഗമനങ്ങളിലെത്താം. സൈന്യവും ഭീകരസംഘടനകളും കൈകോർക്കുന്ന രാജ്യത്തിന്റെ ആണവ നിയന്ത്രണം ആർക്കെന്ന സംശയം ബലപ്പെടുത്തുന്നതാണിത്. ഇന്ത്യ ആണവ ഭീഷണി ഉയർത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആണവായുധങ്ങളുടെ കാര്യത്തിൽ പാകിസ്ഥാന്റെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാക്കുന്നതാണ് മുനീറിന്റെ പരാമർശമെന്ന് നേരത്തെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. പാകിസ്ഥാൻ സൈന്യത്തിന് യു.എസ് പിന്തുണ ലഭിക്കുമ്പോഴൊക്കെ അവർ തനിനിറം കാണിക്കും. പാകിസ്ഥാനിൽ ജനാധിപത്യമില്ലെന്നും രാജ്യം സൈന്യത്തിന്റെ കൈയിലാണെന്നും സൈനിക മേധാവിയുടെ പ്രസ്താവനകൾ വ്യക്തമാക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ: വീഡിയോ
പങ്കുവച്ച് വ്യോമസേന
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് വ്യോമസേന. പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ ഇതുവരെ കാണാത്ത ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവിട്ട വീഡിയോയിലുള്ളത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്തയുള്ള പത്രങ്ങളുടെ ദൃശ്യങ്ങളോടെയാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തുടങ്ങുന്നത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്ന് സേനകളുടെയും മേധാവികൾ എന്നിവർ ഉന്നതതല യോഗം ചേരുന്നതിന്റെ ദൃശ്യങ്ങളും കാണാം. തുടർന്നാണ് ഇന്ത്യൻ വ്യോമസേന കൃത്യതയോടെയും വേഗത്തിലും ദൃഢനിശ്ചയത്തോടെയും പ്രതികരിച്ചു എന്ന വിശേഷണത്തോടെ ഓപ്പറേഷൻ സിന്ദൂറിന്റെ ദൃശ്യങ്ങൾ വരുന്നത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണങ്ങൾ വീഡിയോയിലുണ്ട്. തകർക്കപ്പെട്ട ഭീകര കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തി. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെപ്പറ്റിയും വീഡിയോയിൽ പരാമർശമുണ്ട്. കാർഗിൽ യുദ്ധവും 2019ലെ പുൽവാമ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയും പരാമർശിക്കുന്നു. ''ആകാശം ഇരുളുകയോ കടലിലോ കരയിലോ അപകടം പതിയിരിക്കുകയോ ചെയ്യുമ്പോൾ അവിടെ ഒരു ശക്തി ഉദിച്ചുയരുന്നു. വിശാലം, ഭയരഹിതം, കൃത്യം. ഇന്ത്യൻ വ്യോമസേന''- വീഡിയോയിൽ പറയുന്നു.