എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും സ്മാർട്ടാകുന്നു

Monday 11 August 2025 11:56 PM IST

തൃശൂർ: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പരമ്പരാഗതമായി നൽകിവരുന്ന പേപ്പർ കാർഡുകൾക്ക് പകരം ഇനി, ഉദ്യോഗാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ജനന തീയതിയും അടക്കമുള്ള പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് കാർഡുകൾ ലഭിക്കും. ഈ കാർഡുകളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ എളുപ്പത്തിൽ കാണാനാകും. കേടുകൂടാതെ സൂക്ഷിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഈ കാർഡുകൾ സഹായിക്കും. വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ നിന്ന് നേരിട്ട് വിവരങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്നതിനാൽ വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ കഴിയും. തൃശൂർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സ്മാർട്ട് കാർഡ് വിതരണം 12ന് ആരംഭിക്കും. മോഡൽ പദവി പ്രഖ്യാപനവും അന്ന് നടക്കും. 12 ന് രാവിലെ 10.30ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി സ്മാർട്ട് കാർഡ് വിതരണോദ്ഘാടനം നിർവഹിക്കും.

രണ്ടാമത്തെ മോഡൽ എക്‌സ്‌ചേഞ്ച്

തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ആഗ്രഹിക്കുന്ന നിലവാരത്തിൽ, സൗഹൃദപരവും ആധുനികവുമായ സേവനങ്ങൾ നൽകുക എന്നതാണ് മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ ലക്ഷ്യം. സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മാറും. സ്വയം സേവന സംവിധാനം, സ്മാർട്ട് രജിസ്‌ട്രേഷൻ കാർഡ്, പേപ്പർ രഹിത ഓഫീസ്, ആധുനിക കുടിവെള്ള ഫിൽറ്ററുകൾ, വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 2017 ഓഗസ്റ്റ് 17 മുതൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്റർ പ്രവർത്തിക്കുന്നു.

സൗകര്യങ്ങൾ:

കമ്പ്യൂട്ടർ ലാബ്

എ.സി ക്ലാസ് റൂം

കൗൺസലിംഗ് റൂം

ലൈബ്രറി

റിസെപ്ഷൻ കം ഫ്രണ്ട് ഓഫീസ്

രജിസ്‌ട്രേഷൻ, പുതുക്കൽ എന്നിവയ്ക്കായി ഏകജാലക സംവിധാനവും കമ്പ്യൂട്ടർ സൗകര്യങ്ങളും

സേവനങ്ങൾ:

  1. രജിസ്‌ട്രേഷന് ശേഷം, ഉദ്യോഗാർത്ഥിയുടെ ബുദ്ധി വൈഭവം, നൈപുണ്യ പ്രാവീണ്യം, റീസണിംഗ് എബിലിറ്റി, ഭാഷാ പരിജ്ഞാനം, ആശയ വിനിമയ പ്രാവീണ്യം, വ്യക്തിപ്രഭാവം എന്നിവ വിലയിരുത്താൻ പരീക്ഷ.
  2. വിദഗ്ദ്ധ പരിശീലനം നൽകുന്നതിനായി തൊഴിൽ സംബന്ധമായ പരിശീലന സംരംഭകർ, ഐ.ടി.ഐ, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി എംപ്ലോയബിലിറ്റി സെന്ററുകൾ സഹകരിക്കുന്നു.
  3. ജോബ് ഡ്രൈവുകളും ക്യാമ്പയിനുകളും മത്സര പരീക്ഷകൾക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള സൗജന്യ പരിശീലന പരിപാടികളും.

  • ഒമ്പത് വർഷത്തിനിടെ സ്ഥിരം, താത്കാലിക നിയമനങ്ങൾ: 8039.
  • സ്വകാര്യമേഖലയിൽ: 4588 പേർക്ക് ജോലി.