വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം: സഹോദരന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയും സഹോദരനുമായ പ്രമോദിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ തടമ്പാട്ട് താഴത്തെ പ്രധാനറോഡിലൂടെ ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവശേഷം മൂന്ന് ദിവസമായിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചേവായൂർ എസ്.എച്ച്.ഒ മഹേഷ് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ 'പൗർണമി' വാടകവീട്ടിൽ താമസിക്കുന്ന മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ, പുഷ്പ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ച ഇളയസഹോദരൻ പ്രമോദിനെ പിന്നീട് കാണാതായി. കഴിഞ്ഞ മൂന്നു വർഷത്തോളമായി പ്രമോദിനൊപ്പം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഇരുവരെയും കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സഹോദരിമാരെ പരിചരിക്കാൻ കഴിയാതെ വന്നതോടെ ഇയാൾ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.