മാനനഷ്‌ടക്കേസ് മേധാ പട്കറുടെ ശിക്ഷയിൽ ഇടപെടാതെ സുപ്രീംകോടതി, ജയിലിൽ പോകേണ്ട, നല്ലനടപ്പ് തുടരണം
ന്യൂഡൽഹി: മാനനഷ്‌ടക്കേസിൽ നർമ്മദാ ബച്ചാവോ ആന്ദോളൻ നേതാവും ആക്‌ടിവിസ്റ്റുമായ മേധാ പട്‌കർക്ക് ഡൽഹി സാകേത് കോടതി വിധിച്ച അഞ്ചു മാസം തടവുശിക്ഷയിൽ സുപ്രീംകോടതി ഇടപെട്ടില്ല. അതേസമയം,ഒരു ലക്ഷം രൂപ പിഴത്തുകയിൽ നിന്ന് ഒഴിവാക്കി. മേധ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. സാകേത് കോടതി നടപടിക്കെതിരെ മേധ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ ശിക്ഷ ശരിവച്ചെങ്കിലും ജയിലിലേക്ക് അയക്കാതെ ഒരു വർഷത്തെ നല്ലനടപ്പിന് വിട്ടിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇടപെട്ടില്ല. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഒരു വർഷത്തെ നല്ലനടപ്പ് സുപ്രീംകോടതിയും ശരിവച്ചു. ജയിലിൽ പോകേണ്ടതില്ലെങ്കിലും,2026 ഏപ്രിൽ വരെ നല്ലനടപ്പു തുടരണം.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയാണ് മേധാ പട്കർക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. 2001ൽ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയുടെ അദ്ധ്യക്ഷനായി സക്‌സേന പ്രവർത്തിക്കുമ്പോൾ, നർമ്മദാ ബച്ചാവോ ആന്ദോളന് നൽകിയ 40,000 രൂപയുടെ ചെക്ക് മടങ്ങിയെന്ന് മേധ ആരോപിച്ചിരുന്നു. സക്‌സേന രാജ്യസ്നേഹിയല്ല, ഭീരുവാണെന്ന് പരാമർശം നടത്തി. ഹവാല ഇടപാടുകളിൽ സക്‌സേനയ്‌ക്ക് പങ്കുണ്ട് തുടങ്ങിയ ആരോപണങ്ങളും മേധ ഉന്നയിച്ചിരുന്നു.