തെരുവുനായ പ്രശ്നത്തിൽ മന്ത്രി രാജേഷ്: എ.ബി.സി ചട്ടങ്ങൾ പൊളിച്ചെഴുതണം

Tuesday 12 August 2025 2:15 AM IST

തിരുവനന്തപുരം : സുപ്രീംകോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ അപ്രായോഗികമായ എ.ബി.സി ചട്ടങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരണമെന്ന് മന്ത്രി എം.ബി.രാജേഷ്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ബി.സി തെരുവുനായ പ്രശ്നത്തിന് പരിഹാരമാകില്ല. ചട്ടങ്ങളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടുന്നതിനൊപ്പം സുപ്രീംകോടതി വിമർശനവും ഉന്നയിച്ചു. തെരുവുനായകളെ വന്ധ്യകരിച്ച് പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചുകൊണ്ടുവിടണം എന്നത് അപ്രായോഗികമാണ്. അങ്ങനെ ചെയ്യുന്നത് എന്തിനെന്നും കോടതി തന്നെ ചോദിച്ചു. വാ‌ക്‌സിനേഷനിലൂടെ പട്ടികടി എന്ന പ്രശ്നം ഇല്ലാതാകുന്നില്ല എന്നു പറഞ്ഞത് കേന്ദ്രത്തിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. കേരള സർക്കാർ എ.ബി.സി ചട്ടത്തിന്റെ പേരും പറഞ്ഞ് കൈയുംകെട്ടി ഇരിക്കുകയാണ് എന്ന നിലയിൽ സർക്കാരിനെ കടിച്ചു കീറാനായിരുന്നു വ്യഗ്രതയെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലാണ് സുപ്രീംകോടതിക്ക് സ്വമേധയ ഇടപെടേണ്ടി വന്നത്.

 മന്ത്രിയ്ക്ക് മുകളിൽ ഉദ്യോഗസ്ഥനില്ല

ഓൺലൈൻ മദ്യ വിൽപ്പനയിൽ സർക്കാർ നിലപാട് മലയാളത്തിൽ പലതവണ പറഞ്ഞു കഴിഞ്ഞതാണെന്ന് മന്ത്രി എം.ബി.രാജേഷ്. സർക്കാർ നിലപാട് പറയേണ്ടത് എക്‌സൈസ് മന്ത്രിയാണ്. അതിനുമുകളിൽ ഉദ്യോഗസ്ഥനില്ല. സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണ്. മന്ത്രിസഭ അംഗീകരിച്ച നയത്തിൽ ഇത്തരമൊരു നിർദ്ദേശമില്ലെന്നും അദ്ദേഹം. കൂട്ടിച്ചേർത്തു.