തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡ് നിർണയ രീതി മാറ്റിയേക്കും

Tuesday 12 August 2025 2:26 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്ന രീതി ഇത്തവണ മാറ്റിയേക്കുമെന്ന് സൂചന. ഒരു തവണ വനിതാ വാർഡായിരുന്നാൽ അടുത്ത തവണ അത് ജനറൽ വാർഡ് ആയി മാറ്റുന്നതാണ് നിലവിലെ രീതി. എന്നാൽ, കഴിഞ്ഞ രണ്ടുതവണ സംവരണ വാർഡുകളായിരുന്നവ ഒഴികെ മറ്റെല്ലാ വാർഡുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തി സംവരണവാർഡുകൾ നിർണ്ണയിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ ജനറൽ വാർഡാകുമെന്ന് പ്രതീക്ഷിക്കുന്നവ അതുപോലെ തന്നെ കിട്ടാനുള്ള സാദ്ധ്യത കുറയും. വനിതാ വാർഡുകളുടെ എണ്ണം അൻപത് ശതമാനമാണെങ്കിലും അതിൽ കൂടാനും സാദ്ധ്യതയുണ്ട്. സെപ്തംബറിൽ ജില്ലാ കളക്ടറേറ്റുകളിലാകും നറുക്കെടുപ്പ്.